Site icon Janayugom Online

എതിര്‍പ്പുകളെ കാമറ കൊണ്ട് പടവെട്ടി രേഷ്മ

ഫോട്ടോഗ്രാഫി ജേര്‍ണലിസത്തില്‍ തുടങ്ങിയ ജീവിതം ഇന്ന് സ്ത്രീകള്‍ മാത്രമുള്ള വെഡിങ് കമ്പനി വരെ എത്തിനില്‍ക്കുപ്പോള്‍ രേഷ്മക്ക് പറയാന്‍ ഉള്ളത് കയ്പേറിയതും പടവെട്ടിയതുമായ ഓര്‍മ്മകളാണ്. 2017 ല്‍ പ്രസ് ക്ലബ്ബില്‍ ഫോട്ടോഗ്രാഫി ജേര്‍ണലിസം പഠിച്ചുകൊണ്ട് ഫോട്ടോഗ്രാഫിയില്‍ എത്തുന്നത്. തുടക്കത്തില്‍ വീട്ടില്‍നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നെ രേഷ്മയുടെ സ്വപ്നത്തിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. അപ്പോഴും ബന്ധുക്കളും നാട്ടുകാരും ഇത് ആണുങ്ങളുടെ തൊഴിലാണെന്ന വാദവുമായി വീട്ടിലെത്തുകപോലും ചെയ്തു. ഇങ്ങനെയൊക്കെ ചെയ്താല്‍ പെണ്‍കുട്ടിയുടെ ഭാവിയെന്താകും എന്നൊക്കെയായിരുന്നു അവരുടെ ആശങ്കകള്‍.

ആദ്യകാലത്ത് കല്യാണവര്‍ക്കിനു പോകുമ്പോള്‍ എല്ലാവര്‍ക്കും സംശയമാണ് ഈ പെണ്‍കുട്ടിയെ കൊണ്ട് പറ്റുമോ എന്നത്. ഫോട്ടോ എടുത്തതിനു ശേഷം അത് കാണിച്ചു കൊടുക്കാന്‍ പറയും. കണ്ടാല്‍ മാത്രമേ പലരും വിശ്വസിക്കുകയുള്ളു. ആദ്യം പ്രസ് ഫോട്ടോഗ്രാഫറായാണ് ജോലി തുടങ്ങിയത്. പിന്നെ വെഡിങ് ഫോട്ടോഗ്രാഫിയും ചെയ്യാന്‍ തുടങ്ങിയത്. വെഡിങ് ഫോട്ടോഗ്രാഫി അത്ര നിസാരമല്ല. ഓരോ മതത്തിന്റെയും സമുദായത്തിന്റെയും വ്യതസ്തമായ ചടങ്ങുകള്‍ എല്ലാം അറിഞ്ഞിരിക്കണം, അത് കൃത്യമായി പകര്‍ത്തുകയും വേണം.എന്നിരുന്നാലും പലപ്പോഴും പെണ്‍കുട്ടി എന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്.

അതിനാലാണ് സ്വന്തമായി ഒരു വെഡിങ് കമ്പനി തുടങ്ങിയപ്പോള്‍, സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന വെഡിങ് കമ്പനി തുടങ്ങിയത് . ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതല്‍ ലൈറ്റ് അസിസ്റ്റന്റുമെല്ലാം പെണ്‍കുട്ടികളാണ്. ഈ അടുത്തകാലത്തു ചെയ്ത മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണത്തിനും രേഷ്മ ഇരയായിട്ടുണ്ട്. നിറവയര്‍ കാണുന്ന രീതിയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സൈബര്‍ ആക്രമണം. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ മേഖല ആയിരുന്നിട്ടും തന്റെതായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി ഒരുപാട് പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ കടന്നു വരണമെന്നുമാണ് രേഷ്മയുടെ ആഗ്രഹം.

eng­lish summary;Reshma fights the oppo­si­tion with a camera

you may also like this video;

Exit mobile version