Site iconSite icon Janayugom Online

രേഷ്മ കൊലക്കേസ്; പതിനഞ്ചുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

അമ്പലത്തറ രേഷ്മ കൊലക്കേസിൽ 15 വർഷത്തിനുശേഷം പ്രതി പിടിയിലായി. കരാറുകാരനായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 15 വർഷം മുൻപ് സംസ്കരിച്ച മൃതദേഹത്തിൽ നടത്തിയ ഡിഎൻഎ പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. കാഞ്ഞങ്ങാട് ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററിലെ വിദ്യാർത്ഥിനിയായിരുന്ന രേഷ്മയെ 2010 ജൂൺ 6നാണ് കാണാതാവുന്നത്. ഇതുമായി ബന്ധപ്പെട്ട് രേഷ്മയുടെ പിതാവ് എം സി രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

എന്നാൽ, പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസാണ് രേഷ്മയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതെന്ന് ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപണവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രേഷ്മയുടെ കുടുംബം 2021ൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിക്കുകയായിരുന്നു. ഈ പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് വർഷങ്ങൾക്ക് മുൻപ് സംസ്കരിച്ച മൃതദേഹത്തിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ കണ്ടെത്തുന്നതും പ്രതി ബിജു പൗലോസ് പിടിയിലാവുന്നതും. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേസിന് ഒരു തുമ്പുണ്ടായതിന്റെ ആശ്വാസത്തിലാണ് രേഷ്മയുടെ കുടുംബാംഗങ്ങളും നാട്ടുകാരും. 

Exit mobile version