Site iconSite icon Janayugom Online

ബൈജൂസില്‍ വീണ്ടും രാജി

byjus appbyjus app

പ്രമുഖ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന് തിരിച്ചടിയായി മുതിര്‍ന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹന്‍ദാസ് പൈയും രാജി പ്രഖ്യാപിച്ചു. രജനീഷ് കുമാര്‍ എസ്ബിഐയുടെ മുന്‍ ചെയര്‍മാനും മോഹന്‍ദാസ് പൈ ഇന്‍ഫോസിസിന്റെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു. 

സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലെ കാലതാമസം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽപ്പെട്ടുഴലുന്നതിനിടെയാണ് ബൈജൂസിലെ പ്രമുഖരുടെ രാജി. ജൂണ്‍ 30ന് അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് ബൈജൂസ് നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനിടെ മുതിര്‍ന്ന ജീവനക്കാരുടെ രാജി കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. രജനീഷ് കുമാറും മോഹന്‍ദാസ് പൈയും കഴിഞ്ഞ വര്‍ഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു. 

കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു. 2011ല്‍ ആരംഭിച്ച ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായിരുന്നു.

Eng­lish Sum­ma­ry: res­ig­na­tion con­tin­ues in Byjus again

You may also like this video

Exit mobile version