Site iconSite icon Janayugom Online

ഹിന്ദുത്വ അജണ്ടയ്ക്കെതിരെ പ്രതിരോധം അനിവാര്യം: ടീസ്ത സെതൽവാദ്

ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ലെന്നും രണ്ടും പരസ്പര വിരുദ്ധമാണെന്നുമുള്ള ശക്തമായ പ്രചാരണമാണ് ജനങ്ങൾക്കിടയിൽ നടത്തേണ്ടതെന്ന് സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്. ജോയിന്റ് കൗൺസിൽ 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രമണി ജോർജ് നഗറിൽ നടന്ന വനിതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഹിന്ദുയിസം എല്ലാറ്റിനെയും ഉൾക്കൊള്ളുകയും അങ്ങേയറ്റം സഹിഷ്ണുതാപരമായി പെരുമാറുകയും ചെയ്യുമ്പോൾ, ഹിന്ദുത്വ പുറന്തള്ളലും വെറുപ്പും മുഖമുദ്രയാക്കുന്നു. സ്ത്രീകളെയും പിന്നാക്ക ജനവിഭാഗങ്ങളെയും ഹിന്ദുത്വ അടിച്ചമർത്തുകയാണ്. മതന്യൂനപക്ഷങ്ങളെ ശത്രുക്കളായിക്കണ്ട് അവർക്കെതിരെ നിരന്തരമായി വെറുപ്പ് നിർമ്മിക്കുകയാണ്.

മതനിരപേക്ഷതയെ ഹിന്ദുയിസം വിശാലമായ തലത്തിൽ ഉൾക്കൊള്ളുമ്പോൾ, ഹിന്ദുത്വ മതരാഷ്ട്രവാദമാണ് മുറുകെപ്പിടിക്കുന്നത്. വെറുപ്പ് ആയുധമാക്കി അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ നേതൃത്വത്തെ ഭരണത്തിൽനിന്ന് പുറത്താക്കുക മാത്രമായിരിക്കണം ഇന്ത്യയെ സ്നേഹിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടയെന്നും ടീസ്ത സെതൽവാദ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിൽ കേരളം ലോകമാതൃക: മന്ത്രി ചിഞ്ചു റാണി

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃക രാജ്യത്തിനും ലോകത്തിനുമുമ്പിൽ തലയെടുപ്പിന്റേതാണെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ജോയിന്റ് കൗൺസിൽ 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വീട്ടമ്മമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിൽ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. 45 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ വിജയഗാഥകളാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ഉച്ചക്ക് രണ്ടിന് പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളം നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 11ന് കേരളം സൃഷ്ടിച്ച മാതൃകകൾ എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിക്കും. വൈകിട്ട് ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടു കൂടി സമ്മേളനം അവസാനിക്കും.

Eng­lish Summary;Resistance against Hin­dut­va agen­da essen­tial: Teesta Setalwad
You may also like this video

Exit mobile version