Site iconSite icon Janayugom Online

കവര്‍ച്ചാശ്രമത്തെ എതിര്‍ത്തു; ട്രെയിനില്‍ നിന്ന് 64കാരിയെ പുറത്തേക്ക് തള്ളിയിട്ട് മോഷ്ടാവ്

മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷ്ടാവ്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. മോഷണ ശ്രമം തടയുന്നതിനിടെ അമ്മിണിക്കാണ് പരിക്കേറ്റത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ചാടി.

സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്‌റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് തീവണ്ടി നിര്‍ത്തി. ചാടിയിറങ്ങിയ വര്‍ഗീസ് തീവണ്ടിവന്ന വഴി ഓടി. ഒപ്പം ചില യാത്രക്കാരും. തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടരുകയായിരുന്നു. തിരൂരില്‍ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരന്‍ വര്‍ഗീസും സഹയാത്രികന്‍ താനൂര്‍ സ്വദേശി മുഹമ്മദ് ജനീഫും റെയില്‍വേ പൊലീസും ഒപ്പമിറങ്ങി. അമ്മിണിയെ ആംബുലന്‍സില്‍ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു. ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. തീവണ്ടിയ്ക്ക് വേഗം കുറവായതും ഇവര്‍ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി. സംഭവത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version