Site iconSite icon Janayugom Online

ജില്ലയിലെ ലീസ് ഭൂമിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; തീരുമാനം മന്ത്രി കെ രാജന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍

: വയനാട് ജില്ലയില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വനം വകുപ്പ് പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയുടെ പാട്ടം പുതുക്കി നല്‍കാത്തത് മൂലം കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുന്നു. വയനാട്ടിലെ നൂറ് കണക്കിന് കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരുന്ന പ്രശ്‌നത്തിനാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിഹാരമായത്.

ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട്, പുല്‍പ്പള്ളി, നടവയല്‍ വില്ലേജുകളിലും മാനന്തവാടി താലൂക്കിലെ തിരുന്നെല്ലി, തൃശ്ശിലേരി വില്ലേജുകളിലും ഉള്‍പ്പെട്ടു വരുന്ന കൃഷി ഭൂമി ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുമ്പാണ് വനം വകുപ്പ് ഇത്തരത്തില്‍ പാട്ടത്തിന് നല്‍കിയത്. ഇതിന് 2003 വരെ പാട്ടം പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍ വനഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധികളുടേയും മറ്റും അടിസ്ഥാനത്തില്‍ പിന്നീട് പാട്ടം പുതുക്കി നല്‍കിയില്ല. ഇതു മൂലം കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ വനം നിയമ പ്രകാരം കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

2003ല്‍ പാട്ടം പുതുക്കിയ കര്‍ഷകര്‍ക്കോ അവരുടെ അനന്തരാവകാശികള്‍ക്കോ വീണ്ടും ഭൂമി പാട്ടമായി നല്‍കുന്നതിനാണ് യോഗം തീരുമാനമെടുത്തത്. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം വനം വകുപ്പ് അനുഭാവ പൂര്‍വ്വം പരിഗണിക്കും. വന്യ മൃഗ ശല്യം മൂലം പാട്ട ഭൂമിയിലെ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പാട്ടം പുതുക്കുന്നതോടു കൂടി തടഞ്ഞു വെച്ച നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കും. പുനരധിവസിക്കപ്പെട്ടവര്‍ക്ക് വനം വകുപ്പ് പ്രഖ്യാപിച്ച ആനുകൂല്യം നല്‍കിയിട്ടില്ലെന്ന പരാതി പരിശോധിച്ച് പരിഹരിക്കും. പുതിയതായി പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള അവസരവും നല്‍കും. വന്യ മൃഗ ശല്യം പരിഹരിക്കുന്നതില്‍ വനം വകുപ്പ് പ്രത്യേകമായ നടപടികള്‍ സ്വീകരിക്കും.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും കലക്ടറും കൂടിയാലോചന നടത്തി തീരുമാനങ്ങള്‍ നടപ്പിലാക്കും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, വനം, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ പങ്കെടുത്തു.

Exit mobile version