Site iconSite icon Janayugom Online

പഞ്ചാബില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ ഫല പ്രവചനം ഏറെ സങ്കീർണമായിരിക്കുകയാണ്. ഭരണ പ്രതിപക്ഷങ്ങൾ വിജയം അവകാശപ്പെടുമ്പോഴും പാർട്ടി ക്യാമ്പുകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതേസമയം കേവല ഭൂരിപക്ഷം തികയ്ക്കാൻ ഒരു പാർട്ടിക്കും സാധിക്കാതെ വന്നാൽ പഞ്ചാബിലും ‘റിസോർട്ട് രാഷ്ട്രീയ’ത്തിന് കളമൊരുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സാഹചര്യം മുൻകൂട്ടി കണ്ട് എം എൽ എരെ റിസോർട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ആം ആദ്മി പാർട്ടിയും കോൺഗ്രസും ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ശക്തമായ ചതുഷ്കോണ മത്സരത്തിനായിരുന്നു ഇത്തവണ പഞ്ചാബ് വേദിയായത്. എന്നാൽ രണ്ട് പതിറ്റാണ്ടിനിടയിലെ കുറഞ്ഞ പോളിംഗ് ശതമാനം പാർട്ടികളെ ഏറെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനത്തിൽ 5.45 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്

ഇതോടെ സംസ്ഥാനത്ത് തൂക്കുസഭയുണ്ടായേക്കുമെന്ന സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽ ചൂണ്ടുന്നത്.കർഷക നിയമങ്ങളുടെ പേരിൽ ബി ജെ പിയുമായി തെറ്റിപിരിഞ്ഞ ശിരോമണി അകാലിദൾ ഇത്തവണ ബി എസ് പിയുമായി സഖ്യത്തിലായിരുന്നു മത്സരിച്ചത്. ബി ജെ പി കോൺഗ്രസ് പുറത്താക്കിയ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായും സഖ്യം രൂപീകരിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വിവാദ കാർഷിക നിയമങ്ങൾ ബി ജെ പി പിൻവലിച്ചതോടെ അകാലിദൾ ബി ജെ പിയുമായി കൈകോർക്കുമോയെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു

എന്നാൽ സഖ്യം ഇല്ലെന്നായിരുന്നു ഇരുപാർട്ടിയിലേയും നേതാക്കൾ ആവർത്തിച്ചത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന സൂചനയാണ് എസ് എ ഡി നേതാക്കൾ നൽകിയത്. പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ ഏതാനും സീറ്റുകളുടെ മാത്രം കുറവ് വന്നാല്‍ ബി ജെ പിയുമായി സഖ്യം ചേരാൻ തയ്യാറാണെന്നായിരുന്നു ശിരോമണി അകാലിദൾ നേതാവ് ഗുർബച്ചൻ സിംഗ് നേരത്തേ പ്രതികരിച്ചത്

അതേസമയം തൂക്കുസഭ ഉണ്ടായാൽ തങ്ങളുടെ എം എൽ എമാരെ ബി ജെ പി മറുകണ്ടം ചാടിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസും ആം ആദ്മിയും. ഇതോടെ ഫലം വരുന്നതിന് തൊട്ട് പിന്നാലെ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനാണ് ഇരു പാർട്ടികളും ഒരുങ്ങുന്നത്. രാജസ്ഥാനിലേക്കായിരിക്കും കോൺഗ്രസ് എം എൽ എമാരെ മാറ്റുക. ആം ആദ്മി പാർട്ടി ദില്ലിയിലേക്കും.2017 ൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിൽ വന്നത്. പ്രീ പോൾ സർവ്വേകൾ ഇക്കുറി ആം ആദ്മി പാർട്ടിക്കാണ് വിജയം പ്രവചിച്ചത്.

Eng­lish summary:Resort pol­i­tics again in Punjab

You may also like this video:

Exit mobile version