പ്രശസ്ത നടിയും ഹാസ്യ നാടക രചയിതാവും എഴുത്തുകാരിയുമായ മീര സിയാളിന് ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ ‘ഡെയിംഹുഡ്’ പദവി ലഭിച്ചു. ബ്രിട്ടണിലെ കിംഗ്‌സ് ന്യൂ ഇയർ ഓണേഴ്‌സിലാണ് 64കാരിയായ മീരയെ ഈ നേട്ടം തേടിയെത്തിയത്. സാഹിത്യം, നാടകം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
ഇന്ത്യൻ പഞ്ചാബി ദമ്പതികളുടെ മകളായി 1961ൽ വോൾവർഹാംപ്ടണിലാണ് മീര ജനിച്ചത്. ബ്രിട്ടീഷ് ഏഷ്യൻ കോമഡികളായ ‘ഗുഡ്‌നെസ് ഗ്രേഷ്യസ് മി’, ‘ദി കുമാർസ് അറ്റ് നമ്പർ 42’ എന്നിവയിലൂടെയാണ് മീര ലോകപ്രശസ്തയായത്. തന്റെ രചനകളിലും അഭിനയത്തിലും ഇന്ത്യൻ പൈതൃകത്തെയും സംസ്കാരത്തെയും പര്യവേക്ഷണം ചെയ്യുന്നതിൽ അവർ എന്നും ശ്രദ്ധ പുലർത്തിയിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ‘വൺ ഓഫ് അസ്’ എന്ന നാടകത്തിലൂടെയാണ് മീര തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഭാജി ഓൺ ദി ബീച്ച്’ എന്ന ചിത്രത്തിന് തിരക്കഥയെഴുതുകയും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തു. 2025ൽ പുറത്തിറങ്ങിയ ‘ടിൻസൽ ടൗൺ’ എന്ന ചിത്രം അവരുടെ ഏറ്റവും പുതിയ ശ്രദ്ധേയമായ വർക്കുകളിൽ ഒന്നാണ്. അഭിനയത്തിന് പുറമെ എഴുത്തുകാരി എന്ന നിലയിലും മീര സിയാൽ വലിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ‘അനിത ആൻഡ് മി’, ‘ലൈഫ് ഈസ് നോട്ട് ഓൾ ഹാ ഹാ ഹീ ഹീ’, ‘ദി ഹൗസ് ഓഫ് ഹിഡൻ മദേഴ്‌സ്’ എന്നീ നോവലുകൾ ഏറെ പ്രശസ്തമാണ്. ഇതിനകം എം ബി ഇ, സി ബി ഇ പദവികളും ബാഫ്ത ഫെലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

