Site iconSite icon Janayugom Online

ചിരഞ്ജീവിയുടെ പേരും ചിത്രവും ഉപയോഗിച്ചതിന് റസ്‌റ്റോറന്റിന് നോട്ടീസ്

ഭക്ഷണശാലയ്ക്ക് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ പേര് നല്‍കിയ റസ്റ്റോറന്റ് ഉടമ വെട്ടിലായി. താരത്തിന്റെ അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നുകാണിച്ച് നല്ലഗണ്ടലയില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരഞ്ജീവി ദാബ’ ഉടമയായ രവി തേജിന് നോട്ടീസ് ലഭിച്ചു. മറ്റ് 60 സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 

തന്റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരേ ചിരഞ്ജീവി കോടതിയെ സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച ഹൈദരാബാദ് സിവില്‍ കോടതി, അനുമതിയില്ലാതെ ചിരഞ്ജീവിയുടെ വ്യക്തിത്വം ഉപയോഗിക്കുന്നതിനെതിനെതിരേ ഉത്തരവിറക്കി. ചിത്രങ്ങളും പേരും ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. തുടര്‍ന്നാണ് റസ്‌റ്റോറന്റ് ഉടമയ്ക്കും നോട്ടീസ് ലഭിച്ചത്. നോട്ടീസ് അയച്ചെങ്കിലും റസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കാൻ അനുവാദമുണ്ട്. 

ഇതിനുപിന്നാലെ താരത്തോടുള്ള ആരാധനകൊണ്ടാണ് പേരിട്ടതെന്ന് തേജ് ഇനസ്റ്റാഗ്രമിലൂടെ വിശദീകരിക്കുകയായിരുന്നു. തന്റെ ആരാധന പ്രകടിപ്പിക്കുവാനാണ് റസ്റ്റോറന്റിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ചിരഞ്ജീവിയുടെ പേരോ ചിത്രമോ ഉപയോഗിച്ചതിന് ആളുകളുടെ പേരില്‍ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നു എന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് കാണുന്ന എല്ലാ ആരാധകരോടും എല്ലാവരോടുമായി ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും പ്രശസ്തിയെയും അന്തസ്സിനെയും ബഹുമാനിക്കുന്നിടത്തോളം കാലം ഭയപ്പെടാന്‍ ഒന്നുമില്ല. സര്‍ അങ്ങയുടെ പേരിന് അപകീര്‍ത്തിയുണ്ടാക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യില്ലെന്ന് ഹൃദയത്തില്‍നിന്ന് വാക്ക് തരുന്നു. ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി മുന്‍പത്തെപ്പോലെ ഞങ്ങളുടെ ബിസിനസ്സ് തുടരാന്‍ അനുവാദം നല്‍കിയതിന് ചിരഞ്ജീവിയോട് നന്ദിയെന്ന് രവി തേജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Exit mobile version