Site iconSite icon Janayugom Online

വീണ്ടും പ്രതികാര നടപടി; സിപിആറിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി

CPRCPR

സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (സിപിആര്‍) എ‌‌‌‌ഫ‌്സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് ഓക്സ്ഫാം ഇന്ത്യയിലും സിപിആറിലും നടത്തിയ പരിശോധനകള്‍ക്കു ശേഷം സംഘടന നിരീക്ഷണത്തിലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.
എഫ്‌സി‌ആർ‌എ ലൈസൻസ് റദ്ദാക്കിയതോടെ സി‌പി‌ആറിന് വിദേശത്ത് നിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല.
ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ, വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി എന്നിവ സിപിആറിന് സംഭാവനകള്‍ നല്‍കിയിരുന്നതായി കേന്ദ്ര ഉദ്യോഗസ്ഥന്‍ പറയുന്നു. 

ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ ഗ്രാന്റ് ലഭിക്കുന്ന സിപിആര്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകൃത സ്ഥാപനമാണ്.വിദേശ സംഭാവനകള്‍ സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ സിപിആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
2016ലാണ് അവസാനമായി സിപിആറിന്റെ എ‌ഫ‌്സിആര്‍എ ലൈസന്‍സ് പുതുക്കിയത്. ലൈസന്‍സ് 2021ല്‍ പുതുക്കേണ്ടതായിരുന്നു.
ഫോർഡ് ഫൗണ്ടേഷൻ ഉൾപ്പെടെ നിരവധി വിദേശ സംഘടനകളിൽ നിന്ന് സിപിആർ ഫണ്ട് സ്വീകരിച്ചതായി ആരോപണം ഉണ്ടായിരുന്നു. ടീസ്ത സെതൽവാദിന്റെ എൻജിഒയ്ക്ക് സംഭാവന നൽകിയെന്ന ആരോപണവും തിങ്ക് ടാങ്കിനെതിരെ ഉയർന്നിരുന്നു. ഓക്സ്ഫാമിന്റെ എ‌ഫ‌്സിആര്‍എ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംഘടന ആഭ്യന്തര മന്ത്രാലയത്തിന് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: retal­ia­to­ry action; FCRA license of CPR revoked

You may also like this video

Exit mobile version