ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങിൽ ഡോക്ക് ചെയ്തിരുന്ന ഷെൻസോ 20 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളുടെ മടക്കം സംബന്ധിച്ച് അനിശ്ചിതത്വം. ഷെൻസോ 20 യാത്രാ പേടകത്തിൽ ബഹിരാകാശ മാലിന്യം ഇടിച്ച് തകരാർ സംഭവിച്ചതാണ് കാരണം. ബഹിരാകാശ സഞ്ചാരികളായ ചെൻ ഡോങ്ങ്, ചെൻ ഴോൻഗ്രുയി, വാങ് ജിയെ എന്നിവരെ ഈ പേടകത്തിൽ തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിച്ചു. ഇവരുടെ മടക്കയാത്ര ഷെൻസോ 21 സംഘം ഉപയോഗിച്ച പേടകത്തിലായിരിക്കും.
ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്ന ഷെൻസോ 20 യാത്രാ പേടകത്തിൽ ബഹിരാകാശ മാലിന്യം ഇടിച്ച് കേടുപാട് സംഭവിച്ചു. കൂടുതൽ പരിശോധനകൾ നടത്താതെ പേടകത്തിൽ സഞ്ചാരികളെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയില്ലെന്ന് ഏജൻസി അറിയിച്ചു. ഷെൻസോ 21 സംഘത്തിന് വേണ്ടി യാത്രികരില്ലാത്ത ഒരു പുതിയ പേടകം വിക്ഷേപിക്കും. ചെൻ ഡോങ്ങ്, ചെൻ ഴോൻഗ്രുയി, വാങ് ജിയെ എന്നിവർ നവംബർ 5‑ന് ഭൂമിയിലേക്ക് മടങ്ങേണ്ടിയിരുന്നു. ആദ്യ സംഘത്തിൻ്റെ മടക്കയാത്ര ഇന്ന് തന്നെ നടത്തുമെന്നാണ് നിലവിൽ അറിയിപ്പ്. ഏപ്രിൽ 24നാണ് ലോംഗ് മാർച്ച് 2 എഫ് റോക്കറ്റിൽ മൂന്നംഗ സംഘത്തെ ടിയാംഗോങ്ങിലേക്ക് അയച്ചത്. ഒക്ടോബർ 31ന് ഇവർക്ക് പകരക്കാരായി ഷെൻസോ 21 സംഘം നിലയത്തിലെത്തിയിരുന്നു. ഷെൻസോ 20 സംഘം നിലയത്തിൽ എത്ര നാൾ തുടരേണ്ടി വരുമെന്നതിൽ ഇപ്പോൾ വ്യക്തതയില്ല.

