Site icon Janayugom Online

തിരിച്ചെത്തിയത് 15 വര്‍ഷത്തിന് ശേഷം; തായ‍്‍ലന്‍ഡ് മുൻ പ്രധാനമന്ത്രി അറസ്റ്റില്‍

രാജ്യം വിട്ട് 15 വർഷത്തിന് ശേഷം തിരിച്ചെത്തിയ തായ‍്‍ലന്‍ഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്ര അറസ്റ്റില്‍. തായ്‌ലൻഡിൽ എത്തിയ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അഴിമതി കുറ്റത്തിന് കോടതി എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. 2001ൽ പ്രധാനമന്ത്രിയായ ഷിനവത്ര 2006ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാർലമെന്റ് വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷിനവത്രയുടെ തിരിച്ചുവരവ്.
ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. എയർപോർട്ട് ടെർമിനലിൽ നിന്ന് പുറത്തുവന്ന് രാജാവിന്റെയും രാജ്ഞിയുടെയും ഛായാചിത്രത്തിന് ആദരമർപ്പിച്ചു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അധികാര ദുർവിനിയോഗവും ക്രിമിനൽ കുറ്റങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയതെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷിനവത്ര ആരോപിച്ചു.

പ്രധാനമന്ത്രിയായിരിക്കെ, റാച്ചഡാഫിസെകിലെ ഭൂമി കുറഞ്ഞ വിലക്ക് വാങ്ങാൻ ഭാര്യ ഖുനിങ് പോത്‌ജമൻ പോംബെജ്രയെ സഹായിച്ച കേസിൽ സുപ്രീം കോടതി ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പാണ് ഷിനവത്ര തായ്‌ലൻഡില്‍ നിന്ന് കടന്നത്. അഴിമതി ആരോപണങ്ങൾക്കൊപ്പം രാജ്യത്തെ മുസ്ലിങ്ങൾ കൂടുതലുള്ള തെക്കൻ പ്രവിശ്യകളില്‍ അക്രമാസക്തമായ സംഘർഷത്തിനും ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഡ്രഗ്സ് വാറിലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും ഷിനവത്രയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു.

ഇത്രയും വര്‍ഷങ്ങള്‍ രാജ്യത്ത് ഇല്ലാതിരുന്നിട്ടും തായ്‌ലൻഡ് രാഷ്ട്രീയത്തിൽ തക്‌സിൻ ഷിനവത്ര പ്രബലനായ ശക്തിയായി തുടരുകയാണ്. സൗജന്യ ചികിത്സ നൽകുന്ന ഒരു സാർവത്രിക ആരോഗ്യ സംരക്ഷണ പദ്ധതിയും ഗ്രാമങ്ങളിൽ ക്ലിനിക്കുകളും സ്റ്റാർട്ടപ്പ് ഫണ്ടുകളും തക്‌സിന്റെ പ്രധാന പദ്ധതികളിൽ ചിലതായിരുന്നു. 

Eng­lish Sum­ma­ry: Returned after 15 years; For­mer Prime Min­is­ter of Thai­land arrested

You may also like this video

Exit mobile version