ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെയും മതേതര ജനാധിപത്യ മൂല്യങ്ങളെയും ലോകത്തിന് മുമ്പിലും ജനങ്ങൾക്ക് മുമ്പിലും ബിജെപി സര്‍ക്കാര്‍ അവഹേളിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന വേള ഒരു സംഘം പൂജാരികളുടെയും സന്യാസിമാരുടെയും സംഗമ വേദിയാക്കുകയാണ് ചെയ്തത്. രാജവാഴ്ചയുടെയും ഫ്യൂഡൽ കാലഘട്ടത്തിന്റെയും അധികാര ചിഹ്നമായ ചെങ്കോലിനെ സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ട് പിന്നിൽ സ്ഥാപിക്കാൻ ബ്രാഹ്മണ പുരോഹിതരും സന്യാസികളും എത്തിച്ചേർന്നതിലൂടെ മനുസ്മൃതിയോടുള്ള വിധേയത്വവും പ്രതിബദ്ധതയും ആണ് ബിജെപി ബോധ്യപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനു വേണ്ടി ജനകോടികൾ നടത്തിയ തീഷ്ണമായ സമരചരിത്ര നിരാസമാണിതെന്നും കാനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേവലം വൈദേശിക ശക്തികളെ തുരത്തുന്നതു മാത്രമായിരുന്നില്ല ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും കടമയും. രാജവാഴ്ചയെയും ഫ്യൂഡൽ സംവിധാനങ്ങളെയും തകർത്ത് ജനാധിപത്യം സ്ഥാപിക്കുക എന്ന മഹത്തായ ലക്ഷ്യവും അതിനുണ്ടായിരുന്നു. ഇതിനെതിരെ പ്രവർത്തിച്ച ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കോടാനുകോടി അന്യ മതസ്ഥരുള്ള ഈ രാജ്യത്തിന്റെ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ ഹിന്ദുക്കൾ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവും പൂജകളും നടത്തുന്നത് തികച്ചും ബഹുസ്വരതയെ തകർക്കുന്ന നടപടിയാണെന്നും കാനം ചൂണ്ടിക്കാട്ടി. സർവമത പ്രാർത്ഥനയും ഇതിനോടൊപ്പം നടത്തി എന്നത് സര്‍ക്കാരിന്റെ കാപട്യം മാത്രമാണ്. മതനിരപേക്ഷതയെന്നാൽ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുകയാണ്.
ഉദ്ഘാടന ചടങ്ങ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിർത്തി പ്രധാനമന്ത്രിയുടെ ഒരു വൺമാൻഷോ ആക്കി തീർത്തു. അതിലേറെ ഒരു ഹിന്ദുമത ചടങ്ങായി മാറ്റി. ചെങ്കോൽ കൈമാറ്റത്തിന്റെയും സ്ഥാപനത്തിന്റെയും പിന്നിൽ ഒരു വ്യാജ ചരിത്ര നിർമ്മിതി കൂടി നടത്തി. ഇതിലൂടെ തമിഴ് ജനതയുടെ മനസ് കവരാമെന്ന ബിജെപി വ്യാമോഹം നടക്കാൻ പോകുന്നില്ല. ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവും മത നിരപേക്ഷവിരുദ്ധവുമായ ചടങ്ങിൽ നിന്നും ഒരു വലിയ നിര പ്രതിപക്ഷ നേതാക്കന്മാർ വിട്ടു നിന്നു കൊണ്ട് ജനങ്ങളുടെ ഇക്കാര്യത്തിലുള്ള പ്രതിഷേധവും അമർഷവും ഭരണകൂടത്തെ അറിയിച്ചു. ആധുനിക ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ കൂടുതൽ ഐക്യവും പോരാട്ടവും അനിവാര്യമാണെന്ന് ബോധ്യം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉണ്ടായത് എന്തുകൊണ്ടും സ്വാഗതാർഹമാണെന്നും കാനം പറഞ്ഞു.
English Summary;Returning to the dark ages of the Middle Ages: Kanam
You may also like this video