എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. കൊട്ടാരക്കര കമ്പംകോട് ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ.ബിന്ദു ഫിലിപ്പ് ( 48) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബിന്ദുവിൻ്റെ വീടിൻറെ നിർമ്മാണം പൂർത്തിയായി പാലുകാച്ചൽ നടത്താനിരിക്കെ 2023ൽ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് വീടിൻ്റെ ഗൃഹപ്രവേശം അടുത്തമാസം വീണ്ടും നടത്താനായി നിശ്ചയിക്കുകയായിരുന്നു. ഇതിന് വേണ്ടിയാണ് ഡോക്ടര്‍ വിദേശത്ത് നിന്നും എത്തിയത്. ഇതിനിടെയാണ് അപകടം നടക്കുന്നത്. കാർ ഡ്രൈവർ ബിജു ജോർജിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

