മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ എം എസ് ധോണിയുടെ വീട്ടിലെത്തി വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് താരമെത്തിയത്. വ്യാഴാഴ്ച രാത്രി വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദർശനം. കോലിയെ അത്താഴത്തിനു ശേഷം ധോണി സ്വന്തം കാറിൽ ഹോട്ടൽ മുറിയിൽ ഡ്രോപ്പ് ചെയ്യുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ധോണി ഡ്രൈവിങ് സീറ്റിലും കോലി സമീപത്തും ഇരുന്ന് റോഡിൽ തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശുന്ന വീഡിയോ നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമ ഫീഡുകളിൽ നിറഞ്ഞു.
‘റീയൂണിയൻ ഓഫ് ദി ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് ധോണി– കോലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ താരം റിഷഭ് പന്തും ധോണിയുടെ വീട്ടിലെത്തിയിരുന്നു. നിലവിൽ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായാണ് താരം ഇന്ത്യയിലെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം പുറത്താകാതെ 81 പന്തിൽ 74 റണ്‍സെടുത്ത് കോലി തിളങ്ങിയിരുന്നു.

