Site iconSite icon Janayugom Online

കമല ഹാരിസിനെ തോല്പിക്കാന്‍ ഒബാമ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനെ തോല്പിക്കാന്‍ മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ബരാക് ഒബാമ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ സീനിയര്‍ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ ജോനാഥന്‍ അലനും മാധ്യമ പ്രവര്‍ത്തകയായ ആമി പാര്‍ണസും ചേര്‍ന്ന് എഴുതിയ പുസ്തകത്തിലാണ് ഈ സുപ്രധാനമായ വെളിപ്പെടുത്തല്‍.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ജോ ബൈ­ഡന്‍ തുടരുന്നതില്‍ ഒബാമയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും എ­ന്നാല്‍ ബൈഡന് പകരക്കാരിയായി കമലാ ഹാരിസ് എത്തുന്നതില്‍ യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും ജോനാഥന്‍ അലന്‍ പറയുന്നു.
ട്രംപിനെ തോല്പിക്കാന്‍ കമലയ്ക്കാവില്ലെന്ന് ഒബാമ ഉറച്ച് വിശ്വസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല ഹാരിസിന്റെ കഴിവില്‍ വിശ്വാസമില്ലാത്തതിനാല്‍, ഒബാമ കമലയുടെ പരാജയത്തിനായി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇതിനായി ഓപ്പണ്‍ പ്രെെമറിക്കുവേണ്ടിയും അദ്ദേഹം വാദിച്ചു. ജോനാഥന്‍ അലനും ആമി പാര്‍ണസും ചേര്‍ന്ന് എഴുതിയ ‘ഫൈറ്റ്: ഇന്‍സൈഡ് ദി വൈല്‍ഡസ്റ്റ് ബാറ്റില്‍ ഫോര്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഏ­പ്രില്‍ ഒന്നിനാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്‌ പിന്‍വാങ്ങിയത്.

Exit mobile version