Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വീണ്ടും പ്രതികാര ഒഴിപ്പിക്കല്‍

delhidelhi

ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതികാര ഒഴിപ്പിക്കല്‍ നടപടി വീണ്ടും തുടങ്ങി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. തുഗ്ലക്കാബാദിലെ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ച് ഭാഗത്താണ് ഇന്നലെ കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ച്‌ നീക്കിത്തുടങ്ങിയത്. സിഎഎ വിരുദ്ധ സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗും അടുത്ത പൊളിക്കല്‍ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. വന്‍ പൊലീസ് അകമ്പടിയോടെയാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഒഴിപ്പിക്കല്‍ നടപടി. മേയ് 13 വരെ മേഖലയില്‍ പൊളിക്കല്‍ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

മെഹ്‌റൗളി ബദര്‍പൂര്‍ റോഡിലും കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചിലും പരിസരത്തുമുള്ള കെട്ടിടങ്ങളാണ് ആദ്യം പൊളിച്ചത്. ഇന്ന് കാളിന്ദി കുഞ്ച് മെയിന്‍ റോഡ്, കാളിന്ദി കുഞ്ച് പാര്‍ക്ക് മുതല്‍ ജാമിയ നഗര്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. ആറിന് ശ്രീനിവാസ്‌പുരി പ്രൈവറ്റ് കോളനി മുതല്‍ ഓഖ്‌ല റയില്‍വേ സ്റ്റേഷന്‍ ഗാന്ധി ക്യാമ്പ് വരേയും പൊളിക്കല്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷഹീന്‍ബാഗ് ജി ബ്ലോക്ക്, ജസോല, ജസോല നാല, കാളിന്ദി കുഞ്ച് പാര്‍ക്ക്, ന്യൂ ഫ്രണ്ട്സ് കോളനി, ബുദ്ധ ധരം മന്ദിര്‍, ഗുരുദ്വാര റോഡ്, ലോധി കോളനി, മെര്‍ച്ചന്റ് മാര്‍ക്കറ്റ്, സായി മന്ദിര്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ദിന്‍സേന്‍ മാര്‍, തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കും.

കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച്‌ നിര്‍മ്മിച്ച താല്‍ക്കാലിക കടകളുമാണ് പൊളിച്ച്‌ നീക്കുന്നത്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നതില്‍ സംശയമില്ല. അതേസമയം യാതൊരു നോട്ടീസുകളും നല്‍കാതെയാണ് കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കിയതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കുന്നതിനും റോഡ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനും മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു.

നേരത്തേ ജഹാംഗിര്‍പുരിയിലെ കെട്ടിട്ടങ്ങള്‍ നോട്ടീസ് നല്‍കാതെ ഒഴിപ്പിച്ചു പൊളിച്ച കോര്‍പറേഷന്‍ നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഇവിടെയുണ്ടായ സാമുദായിക കലാപത്തിന് പിന്നാലെയായിരുന്നു നടപടി. 20 ഓളം വീടുകളും വ്യാപാരസ്ഥാപനങ്ങളും ഒരു മുസ്‌ലിം പള്ളിയുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Eng­lish summary;Revenge evac­u­a­tion again in Delhi

You may also like this video;

Exit mobile version