Site icon Janayugom Online

ഭൂമി സംബന്ധമായ എല്ലാ സംശയങ്ങൾക്കും​ മറുപടി; റവന്യൂ വകുപ്പിന്റെ​ കോൾ സെന്റർ ഒക്​ടോബർ ഒന്നുമുതൽ

റവന്യൂ വകുപ്പ്​ ഓഫിസുകളുമായി ബന്ധപ്പെട്ട ഭൂമി സംബന്ധമായതടക്കം എല്ലാ സംശയങ്ങള്‍ക്കും മറുപടിയും പരാതിപരിഹാര സംവിധാനവും ഒരു കുടക്കീഴിൽ. വെള്ളയമ്പലത്തെ ഐ.ടി മിഷന്‍ ആസ്ഥാനത്ത് റവന്യൂ വകുപ്പ്​ കോള്‍ സെന്റർ ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. 1800 425 5255 ടോൾ ഫ്രീ നമ്പറില്‍ എല്ലാ സംശയങ്ങൾക്കും മറുപടി ഒക്​ടോബർ ഒന്നുമുതല്‍ ലഭിക്കും.പോക്കുവരവ് അപേക്ഷ എങ്ങനെ നല്‍കണം, പിന്തുടര്‍ച്ച പോക്കുവരവി​ന്റെ നടപടിക്രമങ്ങള്‍, അപേക്ഷയില്‍ നടപടിയില്ലാത്തത്​ എന്തുകൊണ്ട്​ തുടങ്ങി എല്ലാ പരാതികൾക്കും പരിഹാരനിർദേശം നൽകും.

വില്ലേജ്,താലൂക്ക് ഓഫിസുകളില്‍ നല്‍കിയ അപേക്ഷകളില്‍ താമസമുണ്ടായാല്‍ പരാതി അറിയിക്കാനും കോള്‍ സെൻററില്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ബന്ധപ്പെട്ട ഓഫിസുകളോട് വിശദീകരണം തേടിയശേഷം മറുപടി ഫോണ്‍ വഴിയോ എസ്.എം.എസ് ആയോ പരാതിക്കാരെ അറിയിക്കും.വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫിസ്​, കലക്ടറേറ്റ്​, ലാന്‍ഡ് റവന്യൂ കമീഷണറേറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടിയുണ്ടാകും. ജനങ്ങള്‍ക്ക് ന്യായമായി സംശയമുണ്ടാകാവുന്ന 1000 ചോദ്യങ്ങളും അതി​െൻറ മറുപടിയും കോള്‍ സെൻററില്‍ തയാറാക്കിയിട്ടുണ്ട്.

വരുന്ന സംശയങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മറുപടികള്‍ തയാറാക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിജ്ഞാനമുള്ള രണ്ടു വനിതയടക്കം മൂന്ന്​ ജീവനക്കാരെ കോള്‍ സെന്ററില്‍ നിയോഗിക്കും. പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

Eng­lish Sum­ma­ry : rev­enue depart­ment call cen­tre to start in octo­ber 1

You may also like this video :

Exit mobile version