Site iconSite icon Janayugom Online

അഴിമതി തടയാന്‍ റവന്യു വകുപ്പ്: ഓരോ മാസവും വില്ലേജ് ഓഫിസ് സന്ദര്‍ശനം

അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പിൽ വിവിധതലങ്ങളിൽ പരിശോധന ശക്തമാക്കും. മന്ത്രി മുതൽ ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഓരോ മാസവും രണ്ട് വില്ലേജ് ഓഫിസെങ്കിലും പതിവായി സന്ദർശിക്കും. റവന്യു മന്ത്രി കെ രാജന്‍ വിളിച്ചുചേർത്ത സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ എന്നിവരും മാസത്തില്‍ ചുരുങ്ങിയത് രണ്ട് വില്ലേജ് ഓഫിസുകൾ സന്ദർശിക്കും.

റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശോധനയും ഉണ്ടാകും. ഇതെല്ലാം ചേര്‍ന്നാല്‍ ഒരു മാസം 500 വില്ലേജുകളിൽ ഒരു തവണയെങ്കിലും ഉന്നത റവന്യു ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കാൻ കഴിയും. കീഴ്ജീവനക്കാർ അഴിമതിയുടെ ഭാഗമായാൽ അതേക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒന്നുമറിയില്ല എന്ന നില അനുവദിക്കാനാവില്ലെന്ന് മന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. റവന്യുവകുപ്പിലും നല്ലത് പോലെ അഴിമതി കുറഞ്ഞിട്ടുണ്ട്. എങ്കിലും വകുപ്പിനെ പരിപൂർണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പഴുതടച്ച പരിശോധനകളും മറ്റു നടപടികളും പ്രാവർത്തികമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഉദ്യോഗസ്ഥ തലങ്ങളിലുള്ള പരിശോധന മാസത്തിൽ രണ്ടു തവണ നടത്തിയോ എന്നത് അവരുടെ പെൻ നമ്പർ മുഖേന അറിയാൻ സാധിക്കും. പെൻ നമ്പറുമായി ബന്ധിപ്പിക്കുന്ന മൊഡ്യൂൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ ഒരു കാരണവശാലും മൂന്നുവർഷത്തിനുശേഷം ഒരിടത്ത് തുടരില്ല. റവന്യു ഉദ്യോഗസ്ഥരുടെ നെയിംബോർഡ് അവരുടെ സീറ്റുകൾക്ക് മുമ്പാകെ പ്രദർശിപ്പിക്കും. ജനങ്ങൾക്ക് പേരും തസ്തികയും സഹിതം പരാതിപ്പെടാനാണിതെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ 17 സർവീസ് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ജയശ്ചന്ദ്രൻ കല്ലിംഗൽ (ജോയിന്റ് കൗൺസിൽ), എം എ അജിത് കുമാർ (എൻജിഒ യൂണിയൻ), എ പി സുനിൽ (എൻജിഒ അസോസിയേഷൻ) തുടങ്ങിയവര്‍ സംസാരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യു കമ്മിഷണർ ടി വി അനുപമ, സർവേ ഡയറക്ടർ എസ് സാംബശിവറാവു, ജോയിന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Rev­enue Depart­ment to pre­vent corruption
You may also like this video

Exit mobile version