ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. മൊറട്ടോറിയം ഒമ്പത് വില്ലേജുകളിലാണ് ബാധകമാവുക. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിരൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം വില്ലേജുകളിലാണ് മൊറട്ടോറിയം ബാധകമാവുക. ഇതിന്റെ ഭാഗമായി റവന്യു റിക്കവറികള്‍ നിര്‍ത്തിവെയ്ക്കും. വായ്പാ, സര്‍ക്കാര്‍ കുടിശികകള്‍ക്കും മൊറട്ടോറിയം ബാധകമാണ്.
ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള് ഉള്‍പ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

