ഈയിടെ പ്രസിദ്ധീകരിച്ച കൃപ അമ്പാടിയുടെ ‘ആബിയിമ്മു’ എന്ന കഥയെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുകയാണ്. സ്ത്രീപുരുഷ പ്രകൃതി ബന്ധത്തെ മുരുപ്പിന്റെ ക്യാൻവാസിൽ അവതരിപ്പിക്കുകയാണ് കൃപ. ആബിയെന്ന മുരുപ്പ്, അസ്തിത്വം തേടുന്ന രതി, പ്രകൃതി വായന, വരവായന എന്നീ തലക്കെട്ടുകളിൽ വ്യാഖ്യാനിക്കുവാനാണ് ശ്രമിക്കുന്നത്. ആബിയിമ്മു എന്ന കഥപ്രാത്രത്തിന്റെ പറിച്ചു നടലിന്റെ പിൻബലത്തിൽ കാലദർശനം അവതരിപ്പിച്ചു കൊണ്ടാണ് കഥയാരംഭിക്കുന്നത്. ആബി ഒരു മുരുപ്പ് ഒരേ ശരീരശാസ്ത്രവും മനശാസ്ത്രവും പങ്കിടുന്ന രണ്ട് വ്യക്തികളാണ് ആബിയും മുരുപ്പും. പടിഞ്ഞാറൻ ദേശത്തു നിന്ന് പിണങ്ങി വന്ന മാത്തപ്പനെയും മകനെയും മുരുപ്പ് സന്തോഷത്തോടെ എളിയിലാക്കുന്നുണ്ട്.
അത്തരമൊരു സ്വീകാര്യത ആബിയുടേതുകൂടിയാണ് “അവൻ ഉടലിൽ നിന്ന് ഇറങ്ങിപ്പോയതിനാൽ മാളവും മടക്കുമുള്ള ഒരു വലിയ പുറ്റായി കൈകൾ പിന്നോട്ടു കുത്തി ആബി മണ്ണിൽ കുന്തിച്ചിരുന്നു.” മാത്തപ്പന്റെ മരണത്തിൽ ആബിയും മുരുപ്പും ഒരേ മനസഞ്ചാരം തന്നെയാണ് നടത്തുന്നത്. പാതി മുറിച്ചു മാറ്റപ്പെട്ട ഉടലിൽ നിന്ന് നിണത്തുള്ളികൾ ധാരയായി ഒഴുകുന്നതു പോലെയാണ് ആബിയുടെയും മുരുപ്പിന്റെയും മാത്തപ്പനെ പറ്റിയുള്ള ആകുലതകൾ. മാത്തപ്പനെന്ന കണ്ണികൊണ്ട് ആബിയെയും മുരുപ്പിനെയും ബന്ധിപ്പിക്കുവാൻ കാരണം, ഇരുകൂട്ടർക്കും അർഹതപ്പെട്ടത് അയാൾ വിളമ്പിയിരുന്നു എന്നതുകൊണ്ടാണ്. അക്കരപ്പുറ്റിന്റെ അവസ്ഥ ഒരിക്കലും തന്റെ മുരുപ്പിനും ആബിയ്ക്കും വരരുതെന്ന് അയാൾ ആഗ്രഹിക്കുകയും അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. ആബിയോടും മുരുപ്പിനോടുമുള്ള മാത്തപ്പന്റെ പ്രണയത്തിന്റെ ഉറവിടം ഒന്നായിരുന്നു. മാത്തപ്പന്റെ മരണത്തിൽ തങ്ങളുടെ കുടുംബത്തിലെ ഒരാളുടെ വിയോഗത്തിൽ നൊമ്പരപ്പെടുന്നതു പോലെയാണ് രണ്ടു കൂട്ടരെയും വായിച്ചെടുക്കുവാൻ കഴിയുന്നത് രണ്ട് സഹോദരിമാരുടെ ബന്ധം.
സ്വന്തം സഹോദരിയെ ഇല്ലാതാക്കിയവനോട്, തന്റെ ഉള്ളിലേക്ക് വിഷം നിക്ഷേപിച്ചവനോട് ആബി കൃത്യമായി തന്നെ പ്രതികരിക്കുന്നുണ്ട്. അസ്തിത്വം തേടുന്ന രതി: തത്ത്വവിചാരം ആബിയ്ക്കു നേരെ പിടിക്കുന്ന നീലകണ്ണാടിയിൽ മുരുപ്പിനെയും മുരുപ്പിന് നേരെയാക്കുമ്പോൾ ആബിയെയും കാണാൻ കഴിയുന്നെങ്കിൽ രണ്ട് പേരുടെയും ‘വാതിൽ’ ഒന്നാണ്. ലെവിനാസിയൻ തത്ത്വചിന്തയിലെ face-to-face എന്ന ആശയം മുൻനിർത്തി വിവരിക്കാവുന്നതാണ്. ആബി, മുരുപ്പ്, മാത്തപ്പൻ ഇവർ തമ്മിൽ നിബന്ധനകൾക്കതീതമായുള്ള ബന്ധമാണ്. അതായത് ബന്ധമില്ലാതെയുള്ള ബന്ധം (Relation without relation) മുഖത്തിലൂടെ വെളിവാക്കപ്പെട്ടു കിട്ടുന്ന നിസ്സഹായതയും, നഗ്നതയും വിശപ്പുമൊക്കെ മാത്തപ്പൻ എന്ന കഥാപാത്രത്തിന് കൃത്യമായി പിടിത്തം കിട്ടുന്നുണ്ട്. ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് എനിക്ക് അസ്തിത്വമുണ്ട് (I think therefore I exist) എന്ന വാദമുന്നയിക്കുന്ന Modern Philosophy യും, എനിക്ക് അസ്തിത്വമുള്ളതുകൊണ്ട് ഞാൻ ചിന്തിക്കുന്നു എന്ന ആശയം ഉയർത്തുന്ന Contemporary Philosophy യും തിരുത്തിയെഴുതുകയാണ് കൃപ ആബിയിമ്മു എന്ന കഥയിലൂടെ. “എന്നിൽ രതിയുണ്ട് അതിനാൽ ഞാൻ നിലനിൽക്കുന്നു”. എന്ന സിദ്ധാന്തമാണ് ഓരോ കഥാപാത്രത്തിന്റെ യും അസ്തിത്വത്തിന്റെ അടിസ്ഥാന ഘടകമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇങ്ങനെയുള്ള ഒരു ഉത്തരാധുനിക രചനയിൽ Authentic existence നഷ്ടപ്പെട്ടു പോകുന്ന രതിയെ കണ്ടെത്തുവാൻ കഴിയുന്നുണ്ട്. രതിയുടെ ഉപവികാരങ്ങളായി മനുഷ്യന്റെ മറ്റു വികാരങ്ങളെ ചേർത്തെഴുതുമ്പോൾ രതിയുടെ അസ്തിത്വം ആശങ്കയിലാക്കുന്നു. മൂന്നു തരത്തിലാണ് രതിയെ കഥയിൽ കൃപ അവതരിപ്പിക്കുന്നത്.
1. സ്നേഹം പരിണാമത്തിന് വിധേയമായി പ്രണയമാകുകയും അങ്ങനെയുള്ള പ്രണയത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുന്നതുമായ രതി.
2. ഇഷ്ടത്തിൽ നിന്നുടലെടുക്കുന്ന കാമത്തിൽ ജനിക്കുന്ന രതി.
3. വെറും കാമത്തിൽ നിന്നുള്ള രതി.
ഒന്നാമത്തെ വിഭാഗത്തിൽ കഥ പറയുന്ന പ്രാവും ഇണയും, പാമ്പും മുരുപ്പും, മാത്തപ്പനും ആബിയും തമ്മിലുള്ള ബന്ധങ്ങളെ ഉൾപ്പെടുത്തുവാൻ കഴിയും. ഈ വിഭാഗത്തിൽ ഒരേ ജനുസ്സിൽപ്പെട്ടവർ തമ്മിലാണ് രതിയിൽ ഏർപ്പെടുന്നത്. ക്രിസ്തീയ വേദപുസ്തകം രതിക്ക് സൂക്ഷിച്ചു വച്ചിരിക്കുന്ന വാക്ക് ഈ കൂട്ടർക്ക് കൽപ്പിച്ചു നൽകാവുന്നതാണ് ‘അറിയുക’. രണ്ടാമത്തെ വിഭാഗത്തിൽ ആബിയും മുത്തുവും തമ്മിലുള്ള ബന്ധവും, മുരുപ്പും മനുഷ്യനും തമ്മിലുള്ള ബന്ധവും നിർവചിക്കപ്പെടുന്നു. ഇഷ്ടം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. ഒരു Replacement ന്റെ സാധ്യത അവിടെയുണ്ട്. ആബിയുടെ എളിയിൽ ചുറ്റിക്കിടക്കുന്ന മുത്തു പ്രകൃതിയുമായും മുരുപ്പിനുള്ളിൽ തനിച്ചും രതി അനുഭവിക്കുന്നുണ്ട്. മുരുപ്പ് ഇറങ്ങി നടക്കുന്ന മനുഷ്യർ (ആബിയൊഴികെ) പല വികാരങ്ങളാണ് വച്ചു പുലർത്തുന്നത്. ഇത്താപ്പിരീസിന്റെ ഛായയുള്ളവനിൽ നിന്ന് സംഭവിക്കുന്നത് അടുത്ത വിഭാഗത്തിൽപ്പെടുന്ന രതിയാണ്. കാമത്തിൽ നിന്നും ഉടലെടുക്കുന്ന രതി.
’ അതിൽ ആരുടെയുള്ളിലാണോ വികാരം ഉയർന്നു നിൽക്കുന്നത് അയാൾക്ക് മാത്രം പൂർണ്ണതൃപ്തി നൽകുന്ന പ്രവർത്തി. പ്രകൃതിവായന മനുഷ്യൻ ഭൂമിയിലെ അധിപനല്ല, ഭൂമിയിലെ നിവാസിയാണ് എന്ന ചിന്തയ്ക്ക് ഊന്നൽ നൽകി രചിച്ചിരിക്കുന്ന കൃതിയാണ് ആബിയിമ്മു. നിരന്തരമായ ക്രൂരതയേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പ്രകൃതിയെയും കരുതലേറ്റു വാങ്ങുന്ന പ്രകൃതിയെയും ഒരേ കാലത്തിൽ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. “പക്ഷേ, മനുഷ്യർക്ക് ഭൂമിയിലെ മുഴുപ്പുകൾ എന്നാൽ ഒഴിപ്പിച്ചെടുക്കാനോ, ഒഴിഞ്ഞു പോകാനോ, നിരത്തിയെടുക്കാനോ, നിരങ്ങിപ്പോകാനോ ഉള്ള വസ്തു വാങ്ങലുകൾ മാത്രം” എന്ന വാചകം പ്രകൃതിയെ കേവല വസ്തുവായി (Mere object) മാത്രം കണക്കാക്കുന്ന മനുഷ്യർക്ക് കൽപ്പിച്ചു കൊടുക്കാവുന്നതാണ്. Subject — object ബന്ധത്തിൽ നിന്ന് Subject — Subject ബന്ധത്തിലേക്ക് മനുഷ്യൻ പരിണാമപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ പ്രകൃതിക്ക് മനുഷ്യനോടുള്ളത് വ്യക്തിപരമായ ബന്ധം തന്നെയാണ്. മാത്തപ്പനില്ലാതെ പ്രാന്ത് പിടിക്കുന്ന മുരുപ്പ് ഇതിന് തെളിവാണ്. അതുപോലെ തന്നെ മാത്തപ്പന്റെ മരണശേഷം ആബിയെ പോറ്റുന്ന പ്രകൃതി കരുതലിന്റെ (care) രൂപമാകുന്നു.
വരവായന
സുനിൽ അശോകപുരം എന്ന കലാകാരനാണ് ആബിയിമ്മുവിന് ചിത്രമൊരുക്കിയിരിക്കുന്നത്. അച്ചടക്കമുള്ള അഞ്ച് ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവമെഴുതുകയാണ് സുനിൽ. ആബിയെ ഒരു മുരുപ്പായും ഇണയായും മുരുപ്പിന്റെ സംരക്ഷകയായും ചിത്രീകരിക്കുന്നുണ്ട്. കഥയിൽ ആബി അണിയുന്ന പ്രധാന വേഷങ്ങൾ തന്നെയാണ് ഇവ. സുനിലിന്റെ ചിത്രങ്ങൾ കഥ വായന സുഗമമാക്കുകയല്ല ആഴം കൂട്ടുകയാണ്. ചിത്രീകരണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന മൂന്ന് നിറങ്ങളും കഥാദേശവും കഥാപാത്രങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നതാണ്.