സാമൂഹ്യ നവോത്ഥാനരംഗത്ത് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പങ്ക് ശ്രദ്ധേയമാണെന്നും അതിന്റെ കാലോചിതമായ തുടർച്ച അനിവാര്യമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ്, പൗരത്വ നിയമം തുടങ്ങിയ ഭിന്നിപ്പിക്കലിന്റെ ആശയങ്ങളെ തിരിച്ചറിയാൻ നമുക്കാവണം. മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിക്കരുതെന്ന ജവഹർലാൽ നെഹ്റുവിന്റെ ആഹ്വാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ സംരക്ഷണം എല്ലാവരുടെയും ബാധ്യതയാണ്. വിശ്വാസമനുസരിച്ച് ജീവിക്കാൻ മാത്രമല്ല, വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശവും നമ്മുടെ ഭരണഘടന പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മത നിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കണമെന്ന് മുജാഹിദ് നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയെ മാനിക്കാൻ എല്ലാവരും തയ്യാറാവണം. മത വൈവിധ്യങ്ങൾ തകർക്കാൻ ആരെയും അനുവദിക്കരുത്. ലോകത്തെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയാണ് ഇന്ത്യയിൽ വസിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തിന്ന് സുരക്ഷ നൽകുന്നതാണ് മതനിരപേക്ഷത.
മതസഹിതമായ ഇന്ത്യൻ മതേതരത്വത്തെ അഭിമാനത്തോടെ നെഞ്ചേറ്റാൻ തയ്യാറാവണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം മുൻതെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെക്കുലർ കോൺഫറൻസ് നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ദേശീയ പണ്ഡിത സമ്മേളനം, ചർച്ച സംഗമം, ലഹരി വിരുദ്ധ സമ്മേളനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
English Summary;Revival activities should have timely continuity: Minister P Rajeev
You may also like this video