റഷ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വകാര്യ സെെനിക വിഭാഗമായ വാഗ്നര്‍. യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് വാഗ്നര്‍ മേധാവി യെവ്ഗനി പ്രിഗോഷിന്റെ മുന്നറിയിപ്പ്. റഷ്യന്‍ ബ്ലോഗറായ കോണ്‍സ്റ്റാന്റിന്‍ ഡോള്‍ഗോവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിഗോഷിന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
വാഗ്നര്‍ റിക്രൂട്ട് ചെയ്തവരില്‍ 20 ശതമാനവും ബഖ്മുത്തിനായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഉക്രെയ്‍നെതിരായ യുദ്ധം അസമത്വത്തിന്റെ കൂടി ചിത്രമാകുകയാണ്. പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്. പണക്കാരുടെ മക്കള്‍ സുരക്ഷിതരായി കഴിയുകയാണ്. ഇതേസാഹചര്യമാണ് 1917ലെ വിപ്ലവത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രിഗോഷിന്റെ പരാമര്‍ശം. ബഖ്മുത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ വ്യക്തമാക്കി.
അതേസമയം, ഉക്രെയ‍്ന്റെ ചെറുത്തുനില്പിനെയും പ്രിഗോഷിന്‍ പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് ഉക്രെയ‍്ന്‍. കൃത്യമായ പരിശീലനം ലഭിച്ച ഉക്രെയ്‍ന് ഏത് രാജ്യത്തിന്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പുടിന്‍ വിരുദ്ധര്‍ ബല്‍ഗൊറോഡ് മേഖലയിലേക്ക് അതിക്രമിച്ച് കടന്നു ചെന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ റഷ്യന്‍ സേനയ്ക്ക് കഴിവില്ലെന്നും പ്രിഗോഷിന്‍ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി റഷ്യന്‍ നേതൃത്വത്തിനെതിരെയും സെെന്യത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് പ്രിഗോഷിന്‍ ഉന്നയിക്കുന്നത്. ആവശ്യമായ ആയുധ വിതരണം ലഭ്യമാക്കിയില്ലെങ്കില്‍ ബഖ്മുത്തില്‍ നിന്ന് വാഗ്നര്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രിഗോഷിന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ സെെന്യത്തിന്റെ അനാസ്ഥ കാരണമാണ് വാഗ്നര്‍ സേനയിലെ പതിനായിരക്കണക്കിന് സെെനികര്‍ കൊല്ലപ്പെട്ടതെന്നും പ്രിഗോഷിന്‍ കുറ്റപ്പെടുത്തിയിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്ത കിഴക്കന്‍ ഉക്രെയ്ന്‍ നഗരമായ ബഖ്മുത് ജൂണ്‍ ഒന്നിന് റഷ്യന്‍ സേനയ്ക്ക് കൈമാറിയ ശേഷം നഗരം വിടുമെന്ന് പ്രിഗോഷിന്‍ വ്യക്തമാക്കിയിരുന്നു.
English Summary; Revolution will happen if policy not changed: Wagner chief with warning to Russia
You may also like this video