പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഫലം കാണുന്നു. നിയമലംഘനം അറിയിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയതോടെ നിരവധി പ്രദേശങ്ങളിലെ മാലിന്യപ്രശ്നത്തിനാണ് പരിഹാരം കാണാനായത്. നിയമലംഘനം അറിയിക്കുന്നതിനായി തദ്ദേശ സ്ഥാപന അധികൃതർ പരസ്യപ്പെടുത്തിയ വാട്സ്ആപ്പ് നമ്പർ, ഇ മെയിൽ എന്നിവയിലേക്ക് മാലിന്യപ്രശ്നങ്ങൾ ജനങ്ങൾ അറിയിച്ചു. ഉടനടി മാലിന്യം നീക്കം ചെയ്ത് അധികൃതർ മാതൃക കാണിക്കുകയും ചെയ്തു.
ചുരുക്കം ദിവസങ്ങൾ കൊണ്ടുതന്നെ പലയിടങ്ങളിലും വിജയം കണ്ടതോടെ ഈ മാതൃക പിന്തുടരാൻ തയ്യാറാകുകയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളും. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലും അടിയന്തര നടപടികൾ ഉണ്ടാകുന്നതിന് ഈയിടെ നടന്ന മാലിന്യമുക്തം നവകേരളം ശില്പശാലയിൽ നിർദേശങ്ങൾ ഉയരുകയും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഫോൺ നമ്പർ/ഇമെയിൽ വിലാസം പരസ്യപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാൻ ശില്പശാലയിൽ ജോയിന്റ് ഡയറക്ടർമാർക്ക് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശവും നൽകി.
2024 മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്ന് ഘട്ടങ്ങളിലായി ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ നടത്തിവരികയാണ്. ഈ വര്‍ഷം മാർച്ച് 13 മുതൽ ജൂൺ അഞ്ച് വരെ നടന്ന ആദ്യഘട്ട ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിതസഭകൾ സംഘടിപ്പിച്ചു. രണ്ടാം ഘട്ടം നവംബർ 30ന് സമാപിക്കും.
ക്യാമ്പയിനിന്റെ ഭാഗമായാണ് പാരിതോഷികം നൽകുന്നത്. നിയമലംഘനം അറിയിക്കുന്ന വ്യക്തികൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി നൽകുക. പൊതുഇടങ്ങൾ, സ്വകാര്യസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശുചിത്വമിഷന്റെ ഹരിതമിത്രം ആപ്പ് വഴി മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരെയും അറിയിക്കാനാകും.
English Summary:Rewards for reporting littering; A solution to the waste problem in many local bodies
You may also like this video

