ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സ്റ്റാഫ് കൂടിയായ ടിഎംസി യുവ നേതാവ് ആശിഷ് പാണ്ഡെയെ സിബിഐ വ്യാഴാഴ്ച ചോദ്യം ചെയ്തു. സിബിഐയുടെ സിജിഒ കോംപ്ലക്‌സ് ഓഫീസിൽ രാത്രിയിലാണ് പാണ്ഡെയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടതായും അധികൃതര്‍ പറഞ്ഞു.
ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ദിവസം സാൾട്ട് ലേക്കിലെ ഒരു ഹോട്ടലിൽ ഒരു വനിതാ സുഹൃത്തിനോടൊപ്പം അയാൾ ചെക്ക് ഇൻ ചെയ്‌തിരുന്നു. അന്നത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാണ്ഡെയുടെ ബുക്കിംഗുകളുടെയും പണമിടപാടുകളുടെയും വിശദാംശങ്ങള്‍ അന്വേഷിക്കുമെന്നും സിബിഐ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ ട്രെയിനി ഡോക്ടറുടെ മൃതദേഹം ഓഗസ്റ്റ് ഒമ്പതിനാണ് ആശുപത്രിയിൽ കണ്ടെത്തിയത്.