സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കി പത്മശ്രീ കെ എസ് ചിത്ര നയിച്ച ‘റിഥം-ട്യൂൺസ് ഓഫ് ഇന്ത്യ‑2025’ മെഗാ ഷോ. ദമാം ലൈഫ് പാർക്കിൽ അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്. നവയുഗം സാംസ്ക്കാരികവേദി, ഇആർ ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി, സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിട്ടിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്. കെ എസ് ചിത്രയും സംഘവും ആദ്യമായാണ് ദമാമിൽ ഒരു സമ്പൂര്‍ണ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ദമാം വിമാനത്താവളത്തിൽ ചിത്രയ്ക്കും സംഘത്തിനും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മികച്ച നർത്തകർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ ചിത്ര ആലപിച്ചപ്പോൾ തിങ്ങി നിറഞ്ഞ സദസ്സ് നിറഞ്ഞ കരഘോഷത്തോടെ അവ ഏറ്റെടുത്തു. പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും, പ്രമുഖ വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു.
“റിഥം-ട്യൂൺസ് ഓഫ് ഇന്ത്യ” അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ആസ്വാദകരുടെ മനസിൽ ഇടംപിടിച്ചു.
സൗദി അറേബ്യയിൽ വിനോദ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികൾക്ക് ലഭിക്കുന്ന അനുമതി, പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, ചിത്രയെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് ഉപഹാരം കൈമാറി.
ഗായകരായ അഫ്സൽ, അനാമിക എന്നിവർക്ക് സൗദി ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരായ ആഷിഖ്, പുഷ്പരാജ് എന്നിവരും, ശ്രീരാഗ് ഭരതന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജുവർക്കിയും, അവതാരകയായ ഗിബിയയ്ക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രിജി കൊല്ലം, ജനറൽ കൺവീനർ മുഹമ്മദ് ഷിബു എന്നിവരും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. നവയുഗത്തിന്റെ ബിസിനസ് എക്സലൻസ് അവാർഡ്, യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ബദറുദീൻ അബ്ദുൾ മജീദിനും, ബിസിനസ് യൂത്ത് ഐക്കൺ ഓഫ് ദി ഇയർ-2025 അവാർഡ് സ്റ്റബിലെക്സ് കമ്പനി മാനേജിങ് ഡയറക്ടർ റിയാസ് ഷംസുദീനും കെ എസ് ചിത്ര സമ്മാനിച്ചു.
ദമാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പൻ, റിഥം പ്രോഗ്രാം ലീഗൽ കൺസൾറ്റൻറ് അഫ്സൽ, സ്‌പോൺസർമാർ എന്നിവർക്കും നവയുഗത്തിന്റെ ആദരവ് ചിത്ര സമ്മാനിച്ചു. പ്രോഗ്രാമിൽ പങ്കെടുത്ത വിവിധ കലാകാരന്മാർക്കും നവയുഗത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു. “റിഥം-ട്യൂൺസ് ഓഫ് ഇന്ത്യ” പ്രോഗ്രാമിന് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, ആർ ഗോപകുമാർ, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടൻ, ഷിബുകുമാർ, ഉണ്ണി മാധവം, സാബു വർക്കല, ഷാജി വടക്കാഞ്ചേരി, ബക്കർ മൈനാഗപ്പള്ളി, രഞ്ജിത പ്രവീൺ, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനിൽ വലിയാട്ടിൽ, നന്ദകുമാർ, രാജൻ കായംകുളം, സുരേന്ദ്രൻ, സഹീർഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

