Site iconSite icon Janayugom Online

കട്ടേപ്പാടം നെൽകൃഷി ; പഞ്ചായത്ത് ഭരണസമിതിയുടെ പ്രഹസനം : സിപിഐ

ചൂർണിക്കര പഞ്ചായത്തിലെ കട്ടേപ്പാടത്ത് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി കൃഷിഭവന്റെ സഹകരണത്തോടെ നെൽക്കൃഷി എന്ന പേരിൽ നടത്തിയത് പ്രഹസന പരിപാടിയെന്ന് സിപിഐ. ഒരു മാസം മുൻപ് 50 ഏക്കറിലെ നെൽ കൃഷിക്കായി പഞ്ചായത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചിരുന്നു. എന്നാൽ പകുതിയിലേറെ നെൽപ്പാടം കൊയ്യാതെ വെള്ളം കയറി നശിച്ചതോടെയാണ് സിപിഐ ചൂർണിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കൃഷിവകുപ്പിൽ നിന്നും നാല് ലക്ഷം രൂപയോളം ആനുകൂല്യം കൈപ്പറ്റിയാണ് പഞ്ചായത്ത് കൃഷി നടത്തിയത്. മൂന്നുമാസം കൊണ്ട് കൊയ്ത്ത് നടത്താവുന്ന ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തത്. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് രണ്ട് കണ്ടം മാത്രമാണ് കൊയ്തത്.

ആഴ്ചകൾക്ക് ശേഷം ഇറിഗേഷൻ കനാലിൽ വെള്ളം വന്നതോടെയാണ് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്നല്ല കൊയ്ത്തുപാടത്ത് വെള്ളം കയറി നെല്ല് നശിച്ചതെന്നും കൃത്യസമയത്ത് കൊയ്ത്ത് നടത്താതിരുന്നതിനാലാണ് ലക്ഷങ്ങളുടെ നഷ്ടം സർക്കാരിനും നാടിന്റെ കാർഷിക സംസ്കാരത്തിന് കളങ്കം സംഭവിച്ചതെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ആലുവ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ പറഞ്ഞു.

കുട്ടനാട് കർഷകരെ ഏൽപ്പിച്ചാണ് കൃഷി നടത്തിയതെന്ന് പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുമ്പോൾ കൊയ്ത്ത് നടത്താൻ അറിയാത്ത കർഷകരാണോ കുട്ടനാടുള്ളതെന്ന് ജനങ്ങൾ പരിഹാസത്തോടെ ചോദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിൽ നിന്നും കൈപ്പറ്റിയ ലക്ഷങ്ങളുടെ ആനുകൂല്യം കൃഷിയിൽ വീഴ്ച്ചവരുത്തിയവർ തിരിച്ചടക്കണമെന്നും അതിനായി പരാതിയുമായി മുന്നോട്ടുപോകുമെന്നും സിപിഐ ചൂർണ്ണിക്കര ലോക്കൽ സെക്രട്ടറി പി കെ സതീഷ് കുമാർ പറഞ്ഞു. പരിപാടിയിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടിവി മരക്കാർ സഹദ് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി നജ്മ മജീദ് ജലീൽ മുട്ടം മോഹനൻ സിദ്ദീഖ് എന്നിവർ സംസാരിച്ചു.

Eng­lish Summary;rice cul­ti­va­tion, Farce of the Pan­chay­at Bha­rana Samithi : CPI

You may also like this video

Exit mobile version