Site iconSite icon Janayugom Online

അരി കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കും

ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി ബസുമതി ഇതര അരികള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുന്നതായാണ് സൂചന. വിലക്കയറ്റ സാധ്യത കണ്ടെത്തിയാല്‍ അരി കയറ്റുമതി നിരോധനമോ മറ്റ് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയേക്കും.

നിലവില്‍ രാജ്യത്തെ അരി ശേഖരം 332.68 ലക്ഷം മെട്രിക് ടണ്‍ ആണ്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ അരി ഉല്പാദകരും ഏറ്റവും വലിയ കയറ്റുമതിക്കാരും ഇന്ത്യയാണ്. ആഗോള കയറ്റുമതിയുടെ 40 ശതമാനം ഇന്ത്യയുടേതാണ്. 2021–22 വര്‍ഷത്തില്‍ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്തിരുന്നു. 

രാജ്യത്ത് വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ഉല്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോതമ്പിനും പഞ്ചസാരയ്ക്കും നിലവില്‍ കയറ്റുമതി വിലക്കുണ്ട്. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനെതിരെ ജി7 രാജ്യങ്ങളടക്കം രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. കയറ്റുമതി നിരോധനം ഉടന്‍ നീക്കം ചെയാന്‍ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞദിവസം ദാവോസില്‍ നടന്ന ലോക സാമ്പത്തികഫോറം സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Eng­lish Summary:Rice exports may also be restricted
You may also like this video

Exit mobile version