Site iconSite icon Janayugom Online

അരി സംഭരണത്തില്‍ ഇടിവ്; വിലക്കയറ്റം തുടരുമെന്ന് സൂചന

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ അരി സംഭരണത്തിലും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച. 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ‌്സിഐ ) വഴി 279.38 ലക്ഷം ടണ്‍ അരി സംഭരിച്ച സ്ഥാനത്ത് ഈ വര്‍ഷം 243.85 ലക്ഷം ടണ്‍ അരി സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന് സാധിച്ചത്. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന നാളുകളിലായി 52 ദശലക്ഷം ടണ്‍ അരി കൂടി സംഭരിക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.

എഫ‌്സിഐ ഏറ്റവുമധികം അരി സംഭരിക്കുന്ന പഞ്ചാബ്- ഹരിയാന എന്നിവിടങ്ങളിലെ നടപടികള്‍ പൂര്‍ത്തിയായി ക്കഴിഞ്ഞു. ഈ വര്‍ഷം 124.08 ലക്ഷം ടണ്‍ അരിയാണ് പഞ്ചാബില്‍ നിന്ന് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം സംഭരിച്ചതിനേക്കാള്‍ രണ്ട് ശതമാനം വര്‍ധന മാത്രം. ഹരിയാനയില്‍ നിന്നും 40 ലക്ഷം ടണ്‍ ശേഖരിക്കാനാണ് പദ്ധതിയിട്ടതെങ്കിലും 39.42 ലക്ഷം ടണ്ണിലൊതുങ്ങിയെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാരിഫ് വിളവെടുപ്പ് കാലത്ത് 521.27 ലക്ഷം ടണ്‍ അരി സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ നാലു ശതമാനം ഇടിവുണ്ടാകുമെന്ന് നേരത്തെ കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്രവചിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ 52 മില്യണ്‍ ടണ്‍ അരി സംഭരിക്കാനുള്ള പദ്ധതി ഫലവത്തായേക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഢിലും തെലങ്കാനയിലും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ അരി സംഭരണം തടസപ്പെട്ടതും വരും നാളുകളില്‍ അരി വില കുതിച്ച് കയറാന്‍ ഇടവരുത്തും. ഈ 15 വരെ ഛത്തീസ്ഗഢില്‍ ആകെ സംഭരിച്ചത് 21.33 ലക്ഷം ടണ്‍ അരിയാണ്. തെലങ്കാനയില്‍ സംഭരണം 23 ശതമാനവും.

അതേസമയം അരിവില കുറയ്ക്കാന്‍ സഹകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മില്ലുടമകളുടെ സംഘടനകളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഏതാനും മാസം മുമ്പ് ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധിച്ചെങ്കിലും പൊതു വിപണിയില്‍ അരി വില ദിനം പ്രതി വര്‍ധിക്കുകയായിരുന്നു. ഇതിനൊപ്പം സംഭരണത്തിലെ വീഴ്ച വരും നാളുകളില്‍ ഭക്ഷ്യവിലക്കയറ്റത്തിനും രൂക്ഷമായ ക്ഷാമത്തിനും ഇടവരുത്തുമെന്ന് കാര്‍ഷിക- സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Eng­lish Sum­ma­ry: rice storage
You may also like this video

Exit mobile version