Site iconSite icon Janayugom Online

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. റിഫയുടേത് തൂങ്ങിമരണമാണെന്നും കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ട് നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.

ഇതിനിടെ റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന വ്യക്തമാക്കി. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും അവർ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറൻസിക് റിപ്പോർട്ട്കൂടി വരാനുണ്ട്. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിലേക്ക് നയിച്ച കാരണങ്ങളറിയണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇതിനോടകം കേസ് കൊടുത്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ മെഹ്നാസ് എന്തിനാണ് ഒളിവിൽ പോയതെന്നും ഷെറീന ചോദിച്ചു.

Eng­lish Sum­ma­ry: Rifa Mehnu hanged: Post-mortem report released

You may like this video also

Exit mobile version