Site icon Janayugom Online

റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാക്കും

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. രാവിലെ 10 മണിയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി. അന്വേഷണ സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിൽ എത്തിച്ചു. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കാനാണ് നടപടി. കോഴിക്കോട് സബ് കളക്ടർ ചെൽസ സിനിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കാക്കൂർ പവണ്ടൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ പോസ്റ്റ്മോ‍ർട്ടത്തിനായി പ്രത്യേകം സൗകര്യം ഒരുക്കി നല്‍കിയിരുന്നു.

എന്നാൽ മൃതദേഹം പരിശോധിച്ച ഫോറൻസിക് സംഘം പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡി വൈ എസ് പി, കെ പി അഷ്റഫ്, തഹസിൽദാർ എ എം പ്രേംലാലിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.

Eng­lish Summary:Rifa Mehnu’s body exhumed; The post­mortem will be com­plet­ed today
You may also like this video

Exit mobile version