Site icon Janayugom Online

ശുദ്ധമായ വായുവും കുടിവെള്ളവും ജനങ്ങളുടെ അവകാശം: സുപ്രീം കോടതി

ജനങ്ങള്‍ക്ക് ശുദ്ധമായ വായുവിനും കുടിവെള്ളത്തിനും അസുഖങ്ങളില്ലാത്ത ജീവിതത്തിനും അവകാശമുണ്ടെന്ന് സുപ്രീം കോടതി. സുസ്ഥിര വികസന തത്വം ഉയര്‍ത്തിപ്പിടിച്ച കോടതി മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് നിരീക്ഷണം. 

വ്യവസായം അടച്ചു പൂട്ടുക എന്നതിനായിരുന്നില്ല പ്രഥമ പരിഗണന എന്നും മറിച്ച് പരിസ്ഥിതി നിയമങ്ങള്‍ നിരവധി തവണ ലംഘിച്ചതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി ഉത്തരവില്‍ വിലയിരുത്തുന്നു. കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച വേദാന്തയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂ‍ഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ ഫെബ്രുവരി 29ന് തള്ളിയിരുന്നു.
2018 മേയിലാണ് അധികമായി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നത്. മലിനീകരണമില്ലാതെ ജീവിക്കുക എന്നത് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം എന്നതിലുപരി അന്താരാഷ്ട്ര കരാറുകളിലും നിയമങ്ങളിലും പ്രതിപാദിക്കുന്ന ഒന്നാണെന്നും കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും ആരംഭിക്കുന്നെങ്കില്‍ പോലും ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും സംഘടനകളും ഇക്കാര്യം ഉറപ്പാക്കണമെന്നും പരമോന്നത കോടതി ഓര്‍മ്മിപ്പിച്ചു.

എല്ലാ ജനങ്ങളും നല്ല ആരോഗ്യത്തോടെ ജീവിക്കണം എന്നതാണ് പ്രധാനം. അടിസ്ഥാന അവകാശങ്ങള്‍ പാലിക്കപ്പെടാതെ വരുമാനം വര്‍ധിക്കുന്നതുകൊണ്ടോ തൊഴില്‍ ലഭ്യമാക്കുന്നതുകൊണ്ടോ കാര്യമില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ച മാത്രമല്ല എല്ലാവരുടെയും സൗഖ്യവും അന്തസും സംരക്ഷിക്കപ്പെടണമെന്നും പരമോന്നത കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: Right of peo­ple to clean air and drink­ing water: Supreme Court

You may also like this video

Exit mobile version