പുതിയ ഡിജിപിയെ തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനുള്ളതാണെന്നും അത് സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ ദീര്‍ഘമായ സര്‍വീസ് കാലയളവില്‍ ഒരുപാട് കേസുകളില്‍ ഇടപെട്ടിട്ടുണ്ടാകും. ആ കേസുകളില്‍ അയാളുടെ പങ്കാളിത്തത്തിന്റെ അളവോ ആഴമോ തനിക്കറിയില്ല. പണ്ടെന്നോ നടന്ന സംഭവങ്ങളുടെ പേരില്‍ ഒരു ഉദ്യോഗസ്ഥന് നേരെ സര്‍ക്കാരിന് വൈരാഗ്യത്തിന്റെ മുദ്ര വേണമെന്ന് പറഞ്ഞാല്‍ ആ അഭിപ്രായമല്ല തനിക്കുള്ളത്. എന്നാല്‍ ഇടതുപക്ഷ ആശയങ്ങളോട് യോജിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതിനോട് യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അജിത്ത്കുമാറിന്റെ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് സ്വീകരിച്ചതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡിന്റെ മറവില്‍ ഫാസിസ്റ്റുകള്‍ സിനിമാലോകത്തെ അക്രമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ക്കൊപ്പം നില്‍ക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണെന്ന ബോധ്യമാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

