Site iconSite icon Janayugom Online

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ: ഡോ. ഹക്കീം

ഹേമ കമ്മിറ്റി റിപ്പോർട്ട് ദീർഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവിൽ പൊതുജനങ്ങൾക്കായി പുറത്ത് വിട്ടതിന്റെയും പൂർണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം. അതിൽ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു. മർകസ് ലോ കോളജിൽ വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിന്റെയും കോളജിലെ ആർടിഐ ക്ലബ്ലിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

ഹേമ കമ്മറ്റി അവരുടെ റിപ്പോർട്ട് സമർപ്പിച്ചത് 2019 ഡിസംബർ 31 നാണ്. ഇതിൻറെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്ക് വിടുന്നതിന് തടസമായത് 2020 ഫെബ്രുവരിയിലെ കമ്മിഷന്റെ ഉത്തരവാണ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് അന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇപ്പോൾ അതേ റിപ്പോർട്ട് വ്യക്തികളുടെ സ്വകാര്യതെ വെളിവാക്കാത്തവിധം പുറത്തുവിടാൻ പറഞ്ഞതും വിവരാവകാശ കമ്മിഷൻ തന്നെ. ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാനേ സാംസ്കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂവെന്നും റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. ഹക്കിം വ്യക്തമാക്കി. 

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങൾക്ക് പരിശീലനം നൽകുവാൻ ക്യാമ്പസ്സുകളിൽ സ്ഥാപിക്കുന്ന വിവരാവകാശ ക്ലബ്ബുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള, അഡ്വ. സമദ് പുലിക്കാട്, ഗോകുൽ രാജ് എന്നിവർ സംസാരിച്ചു

Exit mobile version