Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും കലാപം

മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം കത്തുന്നു. ഇംഫാല്‍ — ദിമാപൂര്‍ ഹൈവേയില്‍ കുക്കി സമുദായാംഗങ്ങള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 27 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലുടനീളം ഇന്നലെ മുതല്‍ എല്ലാ വാഹനങ്ങളുടെയും സ്വതന്ത്ര സഞ്ചാരം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുവദിക്കില്ലെന്ന് കുക്കി സംഘടനകളും പ്രഖ്യാപിച്ചിരുന്നു. ഗതാഗതം പുനരാരംഭിക്കുന്നതിനെതിരെ കാങ്പോക്പിയിലെ വിവിധ കേന്ദ്രങ്ങളിൽ കുക്കി വിഭാഗം മാർച്ച് നടത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പ്രത്യേക ഭരണ മേഖല അനുവദിക്കുന്നതുവരെ സ്വതന്ത്ര സഞ്ചാരം അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. 

കാങ്പോക്പിയിലെ ഗംഗിഫായി, മോട്ബങ്, കെയ്തൽമൻബി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിയേറ്റ മുപ്പതുകാരൻ ലാൽഗൗതാങ് സിങ്സിറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാങ്പോക്പിയില്‍ പ്രത്യേകിച്ച് ദേശീയപാത രണ്ടിലെ പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷമായതോടെ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
22 മാസങ്ങള്‍ക്ക് ശേഷമായിരുന്നു അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. കാങ്‌പോക്പി ജില്ല വഴി ഇംഫാലില്‍ നിന്നും സേനാപതിയിലേക്കും ബിഷ്ണുപുര്‍ വഴി ഇംഫാലില്‍ നിന്നും ചുരാചന്ദ്പുരിലേക്കുമാണ് കേന്ദ്രസേനയുടെ അകമ്പടിയോടെ ബസ് സര്‍വീസ് ആരംഭിച്ചത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ടയറുകള്‍ കത്തിച്ച് ഇംഫാല്‍-ദിമാപൂര്‍ ഹൈവേയില്‍ പലയിടത്തും ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ലാത്തിചാര്‍ജ് നടത്തി. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് തീയിടാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

12 മുതല്‍ ഇംഫാലില്‍ നിന്നും ചുരാചന്ദ് പുരിലേക്കും തിരിച്ചും ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. അതിനിടെയാണ് പൊതുഗതാഗതം ആരംഭിക്കുന്ന ആദ്യദിവസം മുതല്‍ തന്നെ സംഘര്‍ഷം ആളിക്കത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 2023 മേയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലാണ്. അതിനിടെ മണിപ്പൂരിലെ നിരവധി ജില്ലകളില്‍ സുരക്ഷാ സേനയുടെ സംയുക്ത പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. സ്‌ഫോടക വസ്തുക്കള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. റൈഫിളുകള്‍, കാര്‍ബൈനുകള്‍, പിസ്റ്റളുകള്‍ എന്നിവയുള്‍പ്പെടെ 114 ആയുധങ്ങളും ഗ്രനേഡുകള്‍, ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തുക്കള്‍, മറ്റ് സൈനിക സാമഗ്രികള്‍ എന്നിവയാണ് സുരക്ഷാ സേന കണ്ടെടുത്തത്. കാങ്പോക്പി ജില്ലയിലെ ബങ്കറുകള്‍ നശിപ്പിച്ചതായും പൊലീസ് അറിയിച്ചു. 

Exit mobile version