Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ കലാപം; നെഹ്രു കുടുംബത്തിന്റെ വിശ്വസ്തര്‍ക്ക് രാജ്യസഭാ സീറ്റ്

ചിന്തൻ ശിബിരവും ഉദയ്‍പുർ പ്രഖ്യാപനവും നടത്തിയിട്ടും കോൺഗ്രസിന് മാറ്റമൊന്നും ഇല്ലെന്ന് രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തെളിയിക്കുന്നു. ആകെ പാര്‍ട്ടിക്ക് അധികാരമുള്ള രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തി.

പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിൽ നിന്നേ കൂടുതൽ എംപിമാരെ രാജ്യസഭയിലേക്ക് എത്തിക്കാൻ കഴിയൂ എന്നിരിക്കേ സംഘടനാ സംവിധാനത്തേയും പാർട്ടി അടിത്തറയേയും തകർത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നാണ് അവിടെ നിന്നുള്ള പരാതി. രാജസ്ഥാനിൽ നിന്ന് മൂന്ന് പേരെയും ഛത്തീസ്ഗഢിൽ നിന്ന് രണ്ട് പേരെയും കോൺഗ്രസിന് രാജ്യസഭയിലേക്ക് ജയിപ്പിക്കാനാകും.

എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളില്‍ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ഒരാള്‍ പോലും ഇല്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണിവ. ഇവിടെ നിന്ന് ജനകീയ അടിത്തറയുള്ള ഏതെങ്കിലും നേതാക്കളെ മത്സരിപ്പിക്കാതെ എല്ലാ സ്ഥാനാർത്ഥികളും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായത് സംസ്ഥാന ഘടകങ്ങളുടെ എതിർപ്പ് പൂർണമായും അവഗണിച്ചുകൊണ്ടാണെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ചതില്‍ എട്ടു സ്ഥാനാർത്ഥികളും പുറത്തുനിന്നുള്ളവരാണ്.

കോൺഗ്രസ് വക്താവും രാജസ്ഥാനിൽനിന്നുള്ള നേതാവുമായ പവൻ ഖേഡ, നഗ്മ തുടങ്ങിയവര്‍ കഴിഞ്ഞദിവസം തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. യുപിയിൽനിന്നുള്ള കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ, രാജസ്ഥാനിലെ മുതിർന്ന നേതാവും എംഎൽഎയുമായ സാന്യം ലോധ തുടങ്ങിയവരും ആഞ്ഞടിച്ചു. രാജ്യസഭയിലേക്ക് പോകാൻ കഴിവുള്ള ആരും രാജസ്ഥാനിൽ ഇല്ലാത്തതിനാലാണോ പുറമെ നിന്നുള്ളവർക്ക് സീറ്റ് നൽകിയതെന്ന് ലോധ ചോദിച്ചു.

ഹരിയാനയിൽ നിന്നുള്ള രൺദീപ് സിങ് സുർജേവാല, മഹാരാഷ്ട്രക്കാരനായ മുകുൾ വാസ്നിക്ക്, യുപിയില്‍ നിന്നുള്ള പ്രമോദ് തിവാരി എന്നിവർക്കാണ് രാജസ്ഥാനിൽ സീറ്റ് നൽകിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ആശിഷ് ദേശ്‍മുഖ് രാജിവച്ചു. എഐസിസി ന്യൂനപക്ഷ സമിതി ചെയർമാൻ ഇമ്രാൻ പ്രതാപ്ഗഡിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതാണ് തന്റെ രാജിയ്ക്ക് പിന്നിലെന്ന് ആശിഷ് ദേശ്‍മുഖ് വ്യക്തമാക്കി.

പി ചിദംബരം, ജയ്റാം രമേഷ്, വിവേക് തൻഖ എന്നീ മൂന്ന് സിറ്റിങ് അംഗങ്ങളെ വീണ്ടും സ്ഥാനാർത്ഥികളാക്കി. എന്നാൽ ഗുലാം നബി ആസാദിനെപ്പോലുള്ള മുതിർന്ന നേതാക്കള്‍ക്ക് പകരം ഇമ്രാൻ പ്രതാപ്ഗഡി, രഞ്ജീത് രഞ്ജൻ എന്നിവരെ നിര്‍ദേശിച്ചത് അണികൾക്കിടയിലും വലിയ ചേരിപ്പേരിന് കാരണമായിട്ടുണ്ട്.

നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ പൂർണമായും തഴഞ്ഞും കീഴ്പ്പെട്ട് നിൽക്കുന്നവരെ ഉള്‍പ്പെടുത്തിയുമാണ് സ്ഥാനാർത്ഥി നിർണയം എന്നും ആക്ഷേപമുണ്ട്. ഗുലാം നബി ആസാദും ആനന്ദ് ശർമയും തഴയപ്പെട്ടതിന്റെ കാരണം ഇതാണെന്നാണ് അണിയറ സംസാരം. അതിനിടെ ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു.

Eng­lish summary;Riots in Con­gress; Rajya Sab­ha seat for loy­al­ists of the Nehru family

you may also like this video;

Exit mobile version