സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഹിമാചല്‍പ്രദേശ് ബിജെപിയിലും കോണ്‍ഗ്രസിലും കലാപം. ബിജെപിയില്‍ നിന്ന് അഞ്ച് നേതാക്കളെയും കോണ്‍ഗ്രസിലെ ആറ് നേതാക്കളെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
തെരഞ്ഞെടുപ്പില്‍ വിമതനായി പത്രിക നല്‍കിയ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെയാണ് പുറത്താക്കിയത്. മുന്‍ എംഎല്‍എമാരായ തേജ്‌വന്ത് സിങ് നേഗി, കിഷോരി ലാല്‍, മനോഹര്‍ ധിമാന്‍, കെ എല്‍ ഠാക്കൂര്‍, കൃപാല്‍ പര്‍മാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കൃപാല്‍ പര്‍മാര്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെ ഈ അഞ്ചു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിവിധ മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ്യ കശ്യപ് ആണ് അഞ്ചു നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തകാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സിറ്റിങ് എംഎല്‍എമാരായ 11 പേര്‍ക്കാണ് ഇത്തവണ ബിജെപി ടിക്കറ്റ് നിഷേധിച്ചത്. ഇവരടക്കം ആകെ 23 പേര്‍ വിമതരായി രംഗത്തെത്തിയെങ്കിലും 12 പേരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ നേരിട്ട് രംഗത്തിറങ്ങിയിട്ടും സംസ്ഥാന ഉപാധ്യക്ഷന്‍ അടക്കമുള്ളവര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല.
സിറ്റിങ് സീറ്റ് നഷ്ടമായവരില്‍ വനം വകുപ്പ് മന്ത്രി രാകേഷ് പത്താനിയയും ഉള്‍പ്പെടുന്നുണ്ട്. നുര്‍പൂര്‍ എംഎല്‍എ ആയ അദ്ദേഹത്തിന് ഫത്തേപൂര്‍ ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
മുന്‍ രാജ്യസഭാംഗമായ കൃപാല്‍ പര്‍മാര്‍നെയും ബിജെപി വിട്ട് എഎപിയില്‍ ചേക്കേറിയ രാജന്‍ സുശാന്തിനെയുമാണ് രാകേഷ് പത്താനിയയ്ക്ക് നേരിടേണ്ടി വരിക. ഫത്തേപൂര്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബിജെപി വൈസ് പ്രസിഡന്റായിരുന്ന കൃപാല്‍ പര്‍മാര്‍ പാര്‍ട്ടി വിട്ടത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന്റെ പേരില്‍ ആറ് നേതാക്കളെ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പച്ചഡില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സ്പീക്കര്‍ ഗംഗു റാം മുസാഫിറും ഇതില്‍ ഉള്‍പ്പെടുന്നു. ജഗ്ജീവന്‍ പല്‍, സുഹാസ് മംഗ്‌ലേറ്റ്, വിജയ് പാല്‍ കാച്ചി, പരസ് റാം, സുശീല്‍ കൗള്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ മറ്റ് നേതാക്കള്‍. യഥാക്രമം സുല്ലാഹ്, ചോപ്പല്‍, തിയോങ്, അന്നി, ജയ്സിംഘ്പൂര്‍ മണ്ഡലങ്ങളിലാണ് ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
English Summary: Riots in Himachal BJP and Congress: Several leaders sacked
You may like this video also