Site icon Janayugom Online

കോണ്‍ഗ്രസിലെ കലാപം; മുന്നണിയിലും ലഹള

ഡിസിസി പുനഃസംഘടനയോടെ കോണ്‍ഗ്രസില്‍ ആരംഭിച്ച ലഹള, യുഡിഎഫിലേക്കും പടരുന്നു. പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കീഴില്‍ രാഷ്ട്രീയ നിലനില്‍പ്പില്ലെന്ന് ബോധ്യമായതോടെ പുറത്തുചാടാന്‍ അവസരം കാത്ത് കഴിയുകയാണ് ഘടക കക്ഷികള്‍. ആര്‍എസ്‌പി ഇതിനകം നിലപാട് വ്യക്തമാക്കി കഴി‌ഞ്ഞു.
മുസ്‌ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യത്തിനെതിരെ പാണക്കാട് കുടുംബത്തിൽ നിന്ന് ആരംഭിച്ച വിമതനീക്കം ശക്തിയാർജ്ജിച്ചു വരുന്നതിനിടെയാണ്, യുഡിഎഫ് യോഗങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആര്‍എസ്‌പിയുടെ തീരുമാനം. കേരള കോൺഗ്രസിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് ശിഥിലീകരണത്തിലേക്ക് പോവുകയാണ്. കോൺഗ്രസിലെ തർക്കങ്ങൾ മൂർച്ഛിച്ചതോടെ മുന്നണി സംവിധാനം ഇനിയും മാറുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ തന്നെ നൽകുന്നുണ്ട്. 

കെപിസിസി പുനഃസംഘടനയിൽ ഇടം കിട്ടുമെന്ന ആശ്വാസത്തിലാണ് എടുത്തുചാട്ടം വേണ്ടെന്ന നിലപാടിൽ കോൺഗ്രസിലെ ഒരു വിഭാഗം മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് സിഎംപിയും ആർഎസ്‌പിയും വളരെനാൾ മുമ്പേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഉഭയകകക്ഷി ചർച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ആർഎസ്‌പിയെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിലെ അച്ചടക്കമില്ലായ്മയ്ക്കെതിരെ ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി ആർഎസ്‌പി പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ തവണ ആർഎസ്‌പിക്ക് ലഭിച്ച അഞ്ച് സീറ്റുകളും പാർട്ടിക്ക് സ്വാധീനമില്ലാത്തവയായിരുന്നു. 

അവിടങ്ങളില്‍ കോൺഗ്രസിന്റെ പിന്തുണയും ലഭിച്ചില്ലെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറയുന്നു. മുന്നണിക്കുള്ളിൽ തോൽവി സംബന്ധിച്ച ഉഭയകകക്ഷി ചർച്ച നടത്തണമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെത്തന്നെ ആർഎസ്‌പി ആവശ്യപ്പെട്ടതാണ്. എന്നാൽ യുഡിഎഫ് യോഗത്തിന് ശേഷമാവാം ഉഭയകകക്ഷി ചർച്ചയെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ഇതോടെയാണ് യുഡിഎഫ് യോഗത്തിൽനിന്നും വിട്ടുനിൽക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ആർഎസ്‌പി എത്തിയിരിക്കുന്നത്. കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയെ ബാധിച്ചേക്കുമെന്ന ആശങ്ക അസീസ് കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തു. യുഡിഎഫ് തെറ്റുതിരുത്തണമെന്നും ഇപ്പോഴത്തെ രീതികൾ ശുഭകരമാവില്ലെന്നും വ്യക്തമാക്കി ജൂലൈ 28ന് ആർഎസ്‌പി യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുമുണ്ട്. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും യുഡിഎഫ് ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

പ്രതിപക്ഷ നേതാവ് വി ഡി സതീശനോ യുഡിഎഫ് കൺവീനർ എം എം ഹസ്സനോ തീരുമാനങ്ങളെടുക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ആർഎസ്‌പി അറിയിച്ചു. സെപ്റ്റംബർ നാലിന് ആർഎസ്‌പിയുടെ നേതൃയോഗമുണ്ട്. മുന്നണി വിടാനും പാര്‍ട്ടിയില്‍ സമ്മര്‍ദ്ദമുയരുന്നുണ്ട്. ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് കാലുവാരിയെന്ന ആക്ഷേപം കേരള കോൺഗ്രസിനും ഉണ്ട്. എന്നാൽ വിലപേശി സീറ്റ് വാങ്ങിയ നടപടി കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചതിനാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അന്ന് കൂടുതൽ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. ചെറുപാര്‍ട്ടികളടക്കം കലഹമുയര്‍ത്തിയതോടെ ഒതുങ്ങി നിന്നിരുന്ന ജോസഫ് പക്ഷവും കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്.

കോൺഗ്രസിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കം വിജയം കണ്ടില്ലെങ്കിൽ യുഡിഎഫ് ഘടക കക്ഷികളുടെ മുന്നോട്ട് പോക്കിനെയും ബാധിക്കും. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കേണ്ടിവന്നാലും ഘടക കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് അഭിപ്രായം പറഞ്ഞ ഒരു വിഭാഗമാണ് ഇപ്പോൾ കോൺഗ്രസിൽ ശക്തി പ്രാപിക്കുന്നത്. യുഡിഎഫ് നിലനിൽക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് സ്ഥിരമായി പറഞ്ഞിരുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുൻനിരയിൽ നിന്ന് ഒതുക്കപ്പെടുമ്പോൾ ഭാവി ശോഭനമല്ലെന്ന തിരിച്ചറിവിലാണ് ആർഎസ്‌‌പിയടക്കമുള്ള ഘടകക്ഷികള്‍.

ENGLISH SUMMARY:Riots in ker­ala Congress
You may also like this video

Exit mobile version