Site iconSite icon Janayugom Online

മണിപ്പൂരില്‍ കലാപം രൂക്ഷമായി; അഞ്ച് മരണം

മണിപ്പൂരില്‍ വീണ്ടും വംശീയകലാപം രൂക്ഷം. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ പുതിയ അക്രമങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് തീയിട്ടു.
മരിച്ചവരില്‍ മൂന്ന് പേര്‍ മെയ്തി വിഭാഗങ്ങളില്‍ നിന്നും രണ്ടു പേര്‍ കുക്കി-സോ വിഭാഗങ്ങളില്‍ നിന്നുമാണ്. ഇതോടെ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 187ആയി. കുക്കി-സോ വിഭാഗങ്ങളില്‍ നിന്നും മെയ്തി വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്ന് ബിഷ്ണുപൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ലോറെംബാം ബിക്രം അറിയിച്ചു.

മെയ്തി വിഭാഗങ്ങള്‍ കൂടുതലായുള്ള ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാഅക്ത മേഖലയിലും കുക്കി-സോ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ചുരാചന്ദ്പൂരിലെ ഫോല്‍ജങ്ക് ഗ്രാമത്തിലും രാവിലെ നാല് മണിയോടെയാണ് ആക്രമണങ്ങളുണ്ടായത്. സംഘര്‍ഷത്തിന്റെ പശ്ചാലത്തലത്തില്‍ പടിഞ്ഞാറൻ ഇംഫാല്‍, കിഴക്കൻ ഇംഫാല്‍ ജില്ലകളില്‍ കര്‍ഫ്യു ഇളവ് രാവിലെ അഞ്ച് മുതല്‍ രാവിലെ 10.30 വരെയായി കുറച്ചിട്ടുണ്ട്.
മേയ് മൂന്നിനാരംഭിച്ച കലാപത്തില്‍ 187 പേര്‍ കൊല്ലപ്പെട്ടതില്‍ 115 പേര്‍ കുക്കി വിഭാഗത്തില്‍ നിന്നും 65 പേര്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണ്. 60,000ത്തോളം പേര്‍ സംസ്ഥാനത്തുനിന്നും പലായനം ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Riots inten­si­fied in Manipur; Five deaths

You may also like this video

Exit mobile version