Site icon Janayugom Online

റിപ്പര്‍ ജയാനന്ദന്‍ നോവലെഴുതി; പ്രകാശനത്തിന് പരോള്‍

രണ്ട് കൊലപാതക കേസുകളിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈ­ക്കോടതി. ജയിലിൽ കഴിയവെ റിപ്പർ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്.
ഭാര്യ ഇന്ദിര നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ അനുമതി. അച്ഛന് പരോൾ നേടാൻ അമ്മയുടെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ ആണ്.
അഞ്ച് കൊലപാതക കേസ് ഉൾപ്പെടെ 23 കേസുകളിൽ പ്രതിയാണ് ഇയാള്‍. കൊലപാതക കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. ഇതിലൊരെണ്ണം വധശിക്ഷയാണ്. മൂന്നെണ്ണത്തിൽ വെറുതെ വിട്ടു. രണ്ട് ത­വണ ജയിൽ ചാടാനും ജയാനന്ദൻ ശ്രമിച്ചിരുന്നു.

ജയിലിൽ കഴിയുന്നതിനിടെ നോവലുകളും കഥകളും എഴുതി. 23ന് രാവിലെ 10:30യ്ക്ക് കൊച്ചിയിലാണ് പുതിയ നോവലിന്റെ പ്രകാശന ചടങ്ങ്. സുനിൽ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പുസ്തകമെഴുത്തിനും പ്രസാധനത്തിനും നേരത്തെ ജയിൽ ഡിജിപി അനുമതി നൽകിയിരുന്നു. 30 ദിവസത്തെ പരോളാണ് റിപ്പർ ജയാനന്ദൻ ആവശ്യപ്പെട്ടത്. എന്നാൽ പരോളിന് നൽകിയ അപേക്ഷയിൽ ജയിൽ ഡിജിപി തീരുമാനമെടുത്തില്ല. തുടർന്നാണ് അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ അമ്മയുടെ പേരിൽ അച്ഛന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടു ദിവസത്തെ പരോളാണ് അനുവദിച്ചത്. മകളുടെ വിവാഹത്തിനായി പൊലീസ് സാന്നിധ്യത്തിൽ ജയാനന്ദന് രണ്ട് ദിവസത്തെ പരോൾ കഴിഞ്ഞ ഫെബ്രുവരിയിലും ഹൈ­ക്കോടതി അനുവദിച്ചിരുന്നു. 

Eng­lish Sum­ma­ry: Rip­per Jayanan­dan wrote the nov­el; Parole for release

You may also like this video

Exit mobile version