കാസർകോട് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമര്‍പ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയാക്കപ്പെട്ട മൂന്നു പേരും 10 ദിവസത്തിനകം കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാകണം. 50,000 രൂപയും രണ്ട് ആൾ ജാമ്യവും ബോണ്ടായി നൽകണമെന്നും അല്ലാത്ത പക്ഷം വിചാരണ കോടതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.
പ്രതികളാക്കപ്പെട്ടവർ അപ്പീൽ പരിഗണിക്കുന്ന വേളയിൽ കോടതിയുടെ പരിധിവിട്ട് പോകുന്നില്ലെന്ന് സെഷൻസ് ജഡ്ജി ഉറപ്പാക്കണെന്നും ഹൈക്കോടതി നിർദേശിച്ചു. എതിർകക്ഷികൾക്ക് നോട്ടീസയയ്ക്കാനും ഉത്തരവായി. ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ വെറുതെവിട്ട മാർച്ച് 30ലെ ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. മതസ്പർധയുണ്ടാക്കാന്‍ 2017 മാർച്ച് 20ന് മഥൂർ മുഹ്യദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ശിക്ഷിക്കാൻ മതിയായതെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധവും തെറ്റായ വിശകലനത്തിന്റെ ഫലവുമാണെന്ന് ഹര്‍ജിയിൽ പറയുന്നു. മുസ്ലിം സമുദായത്തോട് വെറുപ്പ് നിറഞ്ഞ മനസോടെ ഏതെങ്കിലും മുസ്ലിം വിഭാഗക്കാരനെ വധിക്കാൻ കരുതിക്കൂട്ടി മൂന്ന് ആർഎസ്എസ് പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്നാണ് അപ്പീൽ ഹര്‍ജിയിലെ വാദം. പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഈ മാസം നാലിനായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
English Summary: Riyaz Maulvi murder case: All three accused to appear within 10 days
You may also like this video