Site iconSite icon Janayugom Online

ആർജെഡി നേതാവ് രാജ്കുമാർ റായ് വെടിയേറ്റു മരിച്ചു; ക്ലോസ് റേഞ്ചിലാണ് വെടിയുതിർത്തത്, അക്രമികൾക്കായി തിരച്ചിൽ

ബിഹാറിലെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അലാ റായ് (52) വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രിയിൽ പാട്ന ചിത്രഗുപ്തയിലെ മുന്നാച്ചക്കിലാണ് സംഭവം നടന്നത്. വെടിയേറ്റ രാജ്കുമാറിനെ ഉടൻ തന്നെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ലോസ് റേഞ്ചിലാണ് അക്രമികൾ വെടിയുതിർത്തത്. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ രാജ്കുമാർ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആറ് വെടിയുണ്ടകൾ കണ്ടെത്തി. രാജ്കുമാറിന് നേരെ വെടിയുതിർത്തത് രണ്ടംഗ സംഘമാണെന്ന് സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജ്കുമാർ റായ്ക്ക് ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാകാം കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഇസ്റ്റേൺ എസ്.പി പരിചയ് കുമാർ മാധ്യമങ്ങളെ അറിയിച്ചു.ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴുള്ള ആർ.ജെ.ഡി നേതാവിന്‍റെ കൊലപാതകം. വൈശാലി ജില്ലയിലെ രാഘോപൂർ സ്വദേശിയായ രാജ്കുമാർ റായ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ രാഘോപൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു രാജ്കുമാർ. മുമ്പ് രാഘോപൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്ന രാജ്കുമാർ, ആർ.ജെ.ഡി വൈശാലി ജില്ലാ പഞ്ചായത്ത് അധ്യക്ഷനായിരുന്നു.

Exit mobile version