Site icon Janayugom Online

ചരിത്രപരം: കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി ആര്‍എല്‍വി രാമകൃഷ്ണൻ, കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പഠിക്കാം

RLV ramakrishnan

ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം അടുക്കുന്നതിനിടെ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി. ഏറെക്കാലമായി മനസിലുണ്ടായിരുന്ന സ്വപ്നം യാഥാർഥ്യമായെന്ന് രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായാണ് ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. ആർഎൽവി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു. എന്നിട്ടും, ഇവിടെ ഇതുവരെ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നർത്തകി സത്യഭാമയുടെ വിവാദ പരാമർശം സമൂഹം ഏറ്റെടുത്തതിന് പിന്നാലെയാണ് അവസരം കിട്ടിയത്. കലാമണ്ഡലത്തിലെ എസ്എഫ്ഐ വിദ്യാർഥികളാണ് രാമകൃഷ്ണനെ ക്ഷണിച്ചത്. 

മൂന്ന് കീർത്തനങ്ങൾ, മൂന്നു ഘട്ടങ്ങളിലായി അവതരിപ്പിച്ച മോഹിനിയാട്ടം അരമണിക്കൂർ നീണ്ടു നിന്നു. പുരുഷ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതായിരുന്നു രാമകൃഷ്ണൻ്റെ മോഹിനിയാട്ടം. 

അതിനിടെ കേരള കലാമണ്ഡലത്തിൽ ഇനിമുതല്‍ പുരുഷ വിദ്യാര്‍ത്ഥികള്‍ക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. 

Eng­lish Sum­ma­ry: RLV Ramakr­ish­nan debuts at Kootham­bal­am in Kala­man­dal, boys can now study in Kalamandal

You may also like this video

Exit mobile version