ഗുജറാത്തിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ കാനറാം റബാരി (30), പിന്റു ബാജിരാന (28) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‍യുവി കാറിൽ നിന്നും 677 കുപ്പി മദ്യമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. കാനറാമും പിന്റുവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർ പിലുഡയിൽ നിന്ന് ഗുജറാത്തിലെ കാർബുൻ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് താരാട് പൊലീസ് ഇൻസ്പെക്ടർ എ ടി പട്ടേൽ പറഞ്ഞു.
പരിശോധനയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു. ഗുജറാത്തില്‍ മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധനമേർപ്പെടുത്തിയ സംസ്ഥാനമാണ്. അനധികൃതമായി മദ്യം കൊണ്ടുവന്നതിനും കേസ് ചാർജ് ചെയ്തു.
പിന്റുവിന് ക്രിമിനൽ പശ്ചാത്തലമുള്ളതായും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

