Site iconSite icon Janayugom Online

റോഡപകടം: ജീവൻ നഷ്ടമാകുന്നവരില്‍ ഭൂരിപക്ഷം യുവാക്കൾ

രാജ്യത്ത് വാഹനാപകടങ്ങളിൽ പൊലിയുന്നതിൽ ഭൂരിപക്ഷം യുവാക്കളുടെ ജീവനെന്ന് കണക്കുകൾ. 2021ൽ റോഡപകടത്തിൽ മരിച്ചവരിൽ കൂടുതലും യുവാക്കളാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 18നും 45 വയസിനും ഇടയിലുള്ളവരാണ് കൂടുതല്‍. ഇതിൽ പുരുഷൻമാരുടെ എണ്ണം വർധിച്ചു വരികയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

2021ൽ രാജ്യത്തുണ്ടായ ആകെ വാഹനാപകടങ്ങളുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അപകടത്തിൽ മരിച്ച 7764 പേർ 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. 25നും 35 വയസിനുമിടയിലുള്ള 39,646 പേർക്കാണ് 2021ൽ റോഡിൽ ജീവൻ നഷ്ടപ്പെട്ടത്. കോവിഡിന് മുൻപുള്ള കണക്കുകൾ പ്രകാരം 2019ൽ 39,023 പേരാണ് റോഡിൽ മരിച്ചത്. ലോക്ഡൗൺ വർഷമായ 2020ൽ ഇതിൽ കുറവുണ്ടായി. എന്നാൽ, ലോക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ വീണ്ടും എണ്ണത്തിൽ വർധനയുണ്ടായി. 

18നും 45നും ഇടയിൽ പ്രായമുള്ള 91,583 പുരുഷൻമാരും 12,554 സ്ത്രീകളുമാണ് മരിച്ചത്. 2021ലെ കണക്കുകൾ പ്രകാരം വാഹനാപകടത്തിൽ മരിച്ചവരിൽ 86 ശതമാനം പുരുഷന്മാരാണ്. 2021ൽ മാത്രം 1,33,025 പുരുഷന്മാരാണ് മരിച്ചത്. 13 ശതമാനം സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ യുവതികളുടെ എണ്ണം കുറയുകയും പുരുഷൻമാരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. 

സ്വയം വാഹനമോടിച്ച് യാത്ര ചെയ്യവേയാണ് 96.9 ശതമാനം പുരുഷൻമാരും അപകടത്തിൽപെട്ടത്. 3.1 ശതമാനം സ്ത്രീകൾ മാത്രമാണ് സ്വയം വാഹനമോടിച്ച് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ഈ കണക്കുകളനുസരിച്ചും 18നും 45നും ഇടയിൽ പ്രായമായ 72 ശതമാനം പുരുഷൻമാരും 2.46 സ്ത്രീകളുമാണ് മരിച്ചത്. അമിത വേഗതയാണ് റോഡപകടങ്ങളിൽ പ്രാധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റോഡിന്റെ അവസ്ഥയും മറ്റ് കാരണങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Road acci­dents: Major­i­ty of those who lose their lives are young people

You may like this video also

Exit mobile version