റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. 23 സംസ്ഥാനങ്ങളോടും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഇലക്ട്രോണിക് നിരീക്ഷണം, റോഡ് സുരക്ഷാ നടപടി എന്നിവയ്ക്ക് പുറമേ മോട്ടോര്‍ വാഹന നിയമത്തിലെ സമീപകാല വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് കോടതി തേടിയത്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ഒരു കേന്ദ്ര ഭരണ പ്രദേശം എന്നിവ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാമെന്ന് അതാത് സംസ്ഥാനങ്ങള്‍ ഉറപ്പ് നല്‍കിയെന്നും കോടതിയെ ബോധിപ്പിച്ചു.

