Site iconSite icon Janayugom Online

ജഡ്ജിയുടെ വീട്ടിലെ കവർച്ച : വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ പിടിയിൽ, 4 പേർക്കായി തിരച്ചിൽ

വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് ഗാർഗിൻ്റെ ഇൻഡോറിലെ വീട്ടിൽ കവർച്ച നടത്തി സിസിടിവിയിൽ കുടുങ്ങിയ സംഘം പൊലീസ് പിടിയിൽ. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റ് നാല് കൂട്ടാളികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ മൂന്ന് പേരാണ് 4 മിനിറ്റ് കൊണ്ട് ലക്ഷങ്ങളുടെ സ്വർണ്ണവും പണവും കവർന്ന് ജഡ്ജിയുടെ വീട്ടിൽ നിന്നും കടന്നത്. കൃത്യം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരക്ഷാ അലാറം അടിക്കുന്നത് അറിയാതെ ബെഡിൽ കിടന്നുറങ്ങുന്ന ജസ്റ്റിസ് ഗാർഗിൻ്റെ മകൻ ഋത്വിക്കിന്റെ ദൃശ്യങ്ങളും ഉറക്കമുണർന്നാൽ അടിച്ച് വീഴ്ത്താനായി ഇരുമ്പ് ദണ്ധുമായി നിൽക്കുന്ന ഒരാളുടെ ദൃശ്യങ്ങളുമാണ് വൈറലായത്.

ജസ്റ്റിസ് ഗാർഗിൻ്റെ മകൻ ഋത്വിക് ഉറങ്ങിക്കിടന്ന മുറിയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം സാധനങ്ങൾ വലിച്ചുവാരിയിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. പുലർച്ചെ 4:35‑ന് ജനലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് കവർച്ചക്കാർ വീടിനകത്ത് പ്രവേശിച്ചത്.മുഖംമൂടി ധരിച്ച ഒരാളുടെ കൈയിൽ ഒരു ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആളുണർന്നാൽ തലക്കടിക്കാനായി ഇരുമ്പ് ദണ്ഢ് പിടിച്ച് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

Exit mobile version