Site iconSite icon Janayugom Online

കോഴിക്കോട് അനാശാസ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി കവര്‍ച്ച; മൂന്നുപേര്‍ അറസ്റ്റില്‍

മായനാട് ഒഴുകരയിലെ അനാശാസ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി 17,000 രൂപയും മൊബൈല്‍ഫോണുകളും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തുവീട്ടില്‍ അരുണ്‍ദാസ് (28), ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അമല്‍ എന്ന അപ്പു (22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 21‑ന് വൈകീട്ട് എട്ടുമണിയോടെയാണ് ഇവര്‍ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാന്‍വീട്ടില്‍ അബ്ദുല്‍ജലീല്‍ നടത്തുന്ന മായനാട്ടെ അനാശാസ്യകേന്ദ്രത്തില്‍ അക്രമിച്ചുകയറി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസും ഇവര്‍ കവര്‍ന്നിരുന്നു.

ഫ്ളാറ്റിലാണ് ഈ അനാശാസ്യകേന്ദ്രം. അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പിറവം, സുല്‍ത്താന്‍ബത്തേരി സ്വദേശികളായ രണ്ടു യുവാക്കള്‍ ഇവിടെ വന്നതറിഞ്ഞാണ് നടത്തിപ്പുകാരനായ ജലീലിന്റെ എതിര്‍സംഘത്തില്‍പ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് പ്രതികള്‍ അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അനാശാസ്യകേന്ദ്രം നടത്തിയതിന് അബ്ദുല്‍ജലീലിനെയും പ്രതികളെ സഹായിച്ചവരെയും പിടികൂടാനുണ്ട്.

Eng­lish sum­ma­ry; Rob­bery at Kozhikode broth­el; Three arrested

 

You may also like this video;

 

Exit mobile version