Site iconSite icon Janayugom Online

പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ഓഫീസിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയാണ് കവർന്നത്. ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ പുലർച്ചെ 1.45 ഓടെയാണ് കവർച്ച നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് മോഷ്ടാവ് മുളകുപൊടി താഴേക്ക് വിതറുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരന്റെ കൈകൾ കെട്ടിയിട്ട ശേഷം പണം തട്ടിയെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. കറുത്ത വസ്ത്രങ്ങളും കയ്യുറയും മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പമ്പിലെത്തിയത്. 

രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. പെട്രോൾ പമ്പിൽ അക്രമം നടക്കുമ്പോൾ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പമ്പിന് മുൻഭാഗത്ത് എട്ടു ക്യാമറകളാണുള്ളത്. രണ്ടു ക്യാമറകൾ അകത്തും ഉണ്ട്. ഇതിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി. 

Eng­lish Summary:Robbery by tying up an employ­ee at a petrol pump
You may also like this video

Exit mobile version