Site iconSite icon Janayugom Online

നിര്‍മാണം പൂര്‍ത്തിയാക്കാത്ത റോഡിന്റെ പേരിൽ കൊള്ള; പന്നിയങ്കരയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും

ദേശീയ പാത 544 മണ്ണുത്തി — വടക്കഞ്ചേരി ദേശീയപാതയിൽ ഇന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും. സമാപിവാസികളായ പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളാണ് ഇതില്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക. ദേശീയപാതയിലെ 28 കിലോമീറ്ററിൽ പകുതി ദൂരത്തോളം കടന്നുപോകുന്നത് പാണഞ്ചേരി പഞ്ചായത്തിലൂടെയാണ്. പന്നിയങ്കരയിൽ നിന്ന് ഏഴര കിലോമീറ്റർ വരെയുള്ളവർക്ക് മാത്രമേ യാത്രാ ഇളവു ലഭിക്കുകയുള്ളൂ. 20 കിലേമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് 350 രൂപയുടെ പ്രതിമാസ പാസ് എടുക്കേണ്ടിവരും. പട്ടിക്കാട്, ചുവന്നമണ്ണ്, വഴുക്കുംപാറ എന്നിവിടങ്ങളിലെ സമീപത്തുള്ള പ്രധാന ടൗണാണ് വടക്കഞ്ചേരി. ഇനി മുതൽ വടക്കഞ്ചേരിയെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കുമ്പോളെല്ലാം ടോൾ നൽകേണ്ടിവരും. ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ എഐവൈഎഫ് ഉള്‍പ്പടെ വിവിധ രാഷ്ട്രീയ സംഘടനങ്ങള്‍ നിരന്തരം പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് ദേശീയ പാത അതോറിറ്റി നിരക്കുകള്‍ വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്ക് ചെറിയ ഇളവ് നൽകാൻ പോലും ദേശീയപാത അധികൃതരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ല.

കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ഭാഗത്തേക്ക് മാത്രം യാത്രചെയ്യാന്‍ 115 രൂപയും ഇരുഭാഗങ്ങളിലേക്കും 170 രൂപയാണ്. മിനിബസ്, ചെറുകിട ചരക്ക് വാഹനങ്ങള്‍ക്ക് 10 രൂപ വര്‍ധിപ്പിച്ചപ്പോൾ ഒരു ഭാഗത്തേക്ക് 180 രൂപയും ഇരുഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് 265 രൂപയും നൽകണം. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 360 രൂപയും ഇരു ഭാഗങ്ങളിലേക്കുമായി 540 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ പാതയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും നിര്‍മാണങ്ങള്‍ ഇപ്പോഴും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. പലയിടങ്ങളിലും സര്‍വ്വീസ് റോഡുകള്‍ ഇല്ല. കല്ലിടുക്കിലെ തമ്പുരാട്ടിപ്പടിയിൽ തൃശൂർ ഭാഗത്തേക്കുള്ള കുന്ന് ഇടിച്ചിട്ടിട്ട് വര്‍ഷങ്ങളായിട്ടും സംരക്ഷണ ഭിത്തി നിര്‍മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

സർവ്വീസ് റോഡിനായി പ്രദേശത്തെ പാറകൾ പൊട്ടിച്ച് നീക്കം ചെയ്‌തെങ്കിലും മുകളിലെ മണ്ണും മരങ്ങളും ഇതുവരെയും നീക്കംചെയ്തിട്ടില്ലെന്ന് മാത്രമല്ല സർവ്വീസ് റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലുമാണ്. കനത്ത മഴ പെയ്താല്‍ ഇവിടെ മണ്ണിടിച്ചിലാണ്. മഴ തുടരുന്ന സാഹചര്യമാണെങ്കില്‍ എപ്പോൾ വേണമെങ്കിലും വന്‍ മരങ്ങള്‍ ഉൾപ്പെടെ മറിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി സർവ്വീസ് റോഡിന് വിട്ടു കിട്ടിയ വനഭൂമിയിൽ നിന്ന് പാറകൾ പൊട്ടിച്ചെടുത്തെങ്കിലും സര്‍വ്വീസ് റോഡ് മാത്രം ഇതു വരെ നിര്‍മിച്ചിട്ടില്ല. സര്‍വ്വീസ് റോഡുകള്‍ നിര്‍മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വ രുത്തുന്നതിന് ദേശീയപാത അധികൃതരോ നിർമാണ കമ്പനിയോ ശ്രമിക്കുന്നില്ലെങ്കിലും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് തുടരുകയാണ്.

Exit mobile version